മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ -പുനലൂർ സംസ്ഥാന പാതയ്ക്കരികിലെ ആനിക്കാടു ചിറയുടെ നവീകരണം പൂർത്തിയായി. നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ നീന്തൽ പഠിക്കാനും കുളിച്ചു തിമിർക്കാനും വിദൂരങ്ങളിൽ നിന്നു പോലും ആളുകൾ എത്തി തുടങ്ങി. നല്ല ആഴമുള്ള ചിറയിൽ ട്യൂബുമായെത്തിയാണ് നീന്തൽ പരിശീലനം. ആനിക്കാട് ചിറയുടെ നവീകരണത്തിനായി 2.28 കോടി രൂപയാണ് ചിലവഴിച്ചത്. നബാർഡ് നൽകുന്ന ഫണ്ടാണിത്. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷനാണ് നവീകരണ ജോലികൾ നടപ്പിലാക്കിയത്.ചിറയിലേയ്ക്ക് ഇറങ്ങുന്നതിനായി കിഴക്കുഭാഗത്ത് വീതിയേറിയ റാമ്പ് നിർമിച്ചിട്ടുണ്ട്.നാലു വശങ്ങളിലും ചിറയിലിറങ്ങുന്നതിനായി നടക്കല്ലുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനം നാളെ
നാളെ ( ചൊവ്വ) രാവിലെ 11ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ വീഡിയോ കോൺഫ്രൻസിലൂടെ ചിറയുടെ ഉദ്ഘാടനം നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുൾപ്പടെ പങ്കെടുക്കും. ചിറയുടെ നടപ്പാതയിൽ കൊവിഡ് പ്രോട്ടക്കോൾ പാലിച്ച് സജ്ജീകരിച്ച വേദിയിൽ സ്‌ക്രീൻ സ്ഥാപിച്ച് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.