fishin-boat

തോപ്പുംപടി: തോപ്പുംപടി ഫിഷറീസ് ഹാർബറിലെ ബോട്ടുകൾ പലതും തീരം വിടാനൊരുങ്ങുന്നു. ട്രോളിംഗ് നിരോധനം കഴിഞ്ഞ് സംസ്ഥാനത്ത് മത്സ്യബന്ധനം നടത്താൻ സർക്കാർ അനുവാദം നൽകിയെങ്കിലും കൊച്ചി ഹാർബർ മാത്രം അടച്ചിട്ടിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോൺ എന്ന കാരണം പറഞ്ഞാണ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കൊല്ലം ഉൾപ്പടെയുള്ള ഹാർബറുകളിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കടലിൽ പോകാൻ അനുമതി നൽകിയിരിക്കെ കൊച്ചിയോട് മാത്രമാണ് അവഗണന കാണിക്കുന്നതെന്ന് ബോട്ടുടമകളും തൊഴിലാളികളും ആരോപിക്കുന്നു.

# മുന്നൂറോളം ട്രോൾ നെറ്റ് ബോട്ടുകൾ

മുന്നൂറോളം ട്രോൾ നെറ്റ് ബോട്ടുകളാണ് തോപ്പുംപടി ഹാർബറിലുള്ളത്. മാസങ്ങളായി മത്സ്യബന്ധനമില്ലാത്തതിനാൽ പലരുടെയും കുടുംബങ്ങൾ കടുത്ത പട്ടിണിയിലാണ്. ട്രോളിംഗ് നിരോധനകാലയളവിന് ശേഷം മത്സ്യബന്ധനത്തിന് പോകുന്നതിനായി അന്യനാട്ടിൽ നിന്നെത്തിയ തൊഴിലാളികളെ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ചതിനും മറ്റുമായി ലക്ഷങ്ങളാണ് ചെലവ് വന്നിരിക്കുന്നത്. ഇവർക്ക് തൊഴിൽ ഇല്ലെങ്കിലും ചെലവും ബാറ്റയുംകൊടുക്കേണ്ട സ്ഥിതിയിലാണ് ബോട്ട് ഉടമകൾ. ഇവിടത്തെ തൊഴിലാളികൾ മറ്റു ഹാർബറുകളിൽ പോയി തൊഴിലെടുത്താൽ പിന്നീട് കൊച്ചിയിലെ ബോട്ടുകളിൽ തൊഴിലെടുക്കാൻ ആളെ കിട്ടാത്ത സ്ഥിതിയായി മാറുമെന്നും ബോട്ടുടമകൾ പറയുന്നു.

# ബോട്ടുകൾ ആക്രിവിലയ്ക്ക് വിൽക്കേണ്ട അവസ്ഥ

ഇനിയും മത്സ്യബന്ധനം നടത്താനായില്ലെങ്കിൽ ഇരുമ്പ് ബോട്ടുകൾ പലതും ആക്രിവിലയ്ക്ക് തൂക്കിവിൽക്കേണ്ടിവരുമെന്ന് കൊച്ചി ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി ടി.യു. ഫൈസൽ പറയുന്നു.