flood
മാറാടി പഞ്ചായത്തിലെ കായനാട് പാടശേഖരത്ത് വാഴതോട്ടത്തിൽ വെള്ളം കയറിയ നിലയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ കാലവർഷത്തെ തുടർന്നുള്ള വെള്ളപൊക്കവും കാറ്റിലും അരക്കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ കൃഷി ഭവനുകളിൽ നിന്നുള്ള പ്രാഥമിക കണക്കെടുപ്പിലാണ് അരക്കോടി രൂപയുടെ കൃഷി നാശം കണ്ടെത്തിയത്. വെള്ളം ഇറങ്ങുന്നതോടെ നാശനഷ്ടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് കരുതുന്നത്. കാലവർഷത്തെ തുടർന്ന് മൂവാറ്റുപുഴയാർ, കോതയാർ, കാളിയാർ, തൊടുപുഴയാർ അടയ്ക്കം കരകവിഞ്ഞ് ഒഴുകിയതോടെയാണ് താഴ്ന്ന പ്രദേശങ്ങളിലടയ്ക്കം ഏക്കർ കണക്കിന് കൃഷി വെള്ളതിനടിയിലായത്.നെല്ല്, വാഴ, കപ്പ, ജാതി, തെങ്ങ്, പച്ചക്കറി കൃഷികളടക്കം വെള്ളം കയറിയ നിലയിലാണ്. വെള്ളം ഇറങ്ങിയാലെ കൃഷി നാശത്തിന്റെ കണക്ക് പൂർണമാകുകയുള്ളുവെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പറഞ്ഞു. ഓണ വിപണി ലക്ഷ്യമാക്കി ഇറക്കിയ കൃഷികളാണ് ഏറെയും വെള്ളം കയറിയിരിക്കുന്നത്. ഇത് കർഷകർക്ക് കനത്ത തിരിച്ചടിയായി. മാറാടി പഞ്ചായത്തിൽ കായനാട് പാടത്തെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി .മൂന്ന് ദിവസമായി വെള്ളം കയറിയതിനാൽ തെങ്ങ്,ജാതി,വാഴ,കപ്പ കൃഷികൾ നശിച്ചു.കായനാട് തുറുവശ്ശേരിൽ ബാബു പോളിന്റെ മുന്നൂറോളം വാഴകളും തെങ്ങും ജാതിയും, മൂത്തേമഠത്തിൽ ബാലൻ, പോത്തനാംകണ്ടത്തിൽ അവിരാച്ചൻ, ചൊള്ളാൽ ചാക്കപ്പൻ എന്നിവരുടെ വാഴക്കൃഷിയും നശിച്ചു. കായനാട് മറ്റപ്പാടം ഭാഗത്തും കൃഷി നാശമുണ്ട്. വാളകം പഞ്ചായത്തിൽ റാക്കാട് കൊങ്ങപ്പിള്ളി കടവിന് സമീപം കുലച്ചു തുടങ്ങിയ മുന്നൂറോളം ഏത്തവാഴകൾ വെള്ളത്തിലായി.രണ്ട് ഏക്കർ കപ്പ കൃഷിയും വെള്ളം കയറി നശിച്ചു. പഞ്ചായത്ത് മെമ്പർ പുല്ലാട്ട് പുത്തൻപുരയിൽ പി എ മദനൻ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയിടത്തിലാണ് വെള്ളം കയറിയത്. പായിപ്ര പഞ്ചായത്തിൽ മുളവൂർ തോട് കരകവിഞ്ഞതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷി വെള്ളത്തിനടിയിലാണ്.