temple
പെരിയാറിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ആലുവ മണപ്പുറം ശിവക്ഷേത്രത്തിലെ നന്ദികേശന്റെ വിഗ്രഹം തെളിഞ്ഞപ്പോൾ

ആലുവ: പെരിയാറിലും ചാലക്കുടിയാറിലും ജലനിരപ്പ് താഴ്ന്നു. പെരിയാറിൽ രണ്ട് അടി കൂടി ഇറങ്ങിയാൽ ജലനിരപ്പ് സാധാരണ നിലയിലാകും. എന്നാൽ ചാലക്കുടിയാറിൽ സാവധാനമാണ് വെള്ളം ഇറങ്ങുന്നത്.

നെടുമ്പാശേരി മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാംമ്പുകളിലേക്ക് മാറിയവർ ഇപ്പോഴും അവിടെ തന്നെയാണ്.പുതുവാശ്ശേരി പുത്തൻതോട് ഭാഗം, പുറയാർ, ദേശം, അമ്പാട്ട്പള്ളം കോളനി, ചെങ്ങമനാട് 18 -ാം വാർഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയിട്ടുള്ളത്. ഇതിൽ 19 ഓളം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. മറ്റുള്ളവരെ ബന്ധു വീടുകളിലെക്കാണ് മാറ്റിയത്. ക്യാമ്പുകളിൽ എത്തുന്നവർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി പറഞ്ഞു.

വീടുകളിൽ ചെളിയഭിഷേകം

പെരിയാറിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും തീരപ്രദേശങ്ങളിലെ വെള്ളം കയറിയ വീടുകളിൽ പലയിടത്തും ചെളി കയറിയിട്ടുണ്ട്. ഇത് നീക്കം ചെയ്ത ശേഷം മാത്രമേ വീടുകളിലേക്ക് മടങ്ങാനാകൂ. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ചെങ്ങമനാട് പഞ്ചായത്തിൽ 60 ഓളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.

ക്യാമ്പുകളിലേക്ക് മാറ്റി.

നെടുമ്പാശേരി പഞ്ചായത്തിൽ 39 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. പാറക്കടവ് പഞ്ചായത്തിൽ വെള്ളിയാഴ്ച്ച മാറ്റിപാർപ്പിച്ചവരെ കൂടാതെ എളവൂരിൽ നിന്നും ഏഴ് കുടുംബങ്ങളെയും പാറക്കടവ് മോതക്കാട് ഭാഗത്ത് നിന്ന് പത്ത് കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി. കുന്നുകരയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയവർ അവിടെത്തന്നെ തുടരുകയാണ്. വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്നുള്ള മൂന്ന് കിടപ്പ് രോഗികളെ കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന 37 പേരെ ചാലാക്ക എൽ.പി സ്‌കൂളിലേക്കും 15 പേരെ പകൽവീട്ടിലേക്കും മാറ്റിയിട്ടുണ്ട്.

തടികൾ ഒഴുകിയെത്തി

പെരിയാറിലെ ജലനിരപ്പ് താഴ്ന്നപ്പോൾ മണപ്പുറം ഭാഗത്ത് നിരവധി തടികൾ ഒഴുകിയെത്തി. ചിലർ കരയിലേക്ക് അടുപ്പിച്ച് കടത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. പകരം റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്. 2018ലെയും കഴിഞ്ഞ പ്രളയകാലത്തും വൻതടികൾ ഒഴുകിയെത്തിയിരുന്നു. മണപ്പുറം ക്ഷേത്രത്തിന്റെ മേൽകൂരകൾ വരെ തടി വന്നിടിച്ച് തകർന്നിരുന്നു.