പള്ളുരുത്തി: മഴ കനത്തതോടെ പശ്ചിമകൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പ്രധാന കനാലായ രാമേശ്വരം - കൽവത്തി കനാൽ കൈവഴികളായുള്ള തോടുകളും കാനകളും മാലിന്യംനിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതും വെള്ളക്കെട്ടിന് കാരണമായി. ചെറിയ കാനകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിൽ കാൽനടയാത്രപോലും അസാദ്ധ്യമായി. ഇരുചക്രവാഹനങ്ങളുടെ യാത്രയും തടസപ്പെട്ടു.
ഫോർട്ടുകൊച്ചി താമരപറമ്പ്, കരിപ്പാലം, വെളി, കേമ്പിരി റോഡ്, അമരാവതി, കൂവപ്പാടം, ടൗൺ ഹാൾ റോഡ്, ചെറളായി, പാലസ് റോഡ്, ചുള്ളിക്കൽ, നസറേത്ത്, ഫിഷർമെൻ കോളനി എന്നീ ഭാഗങ്ങൾ ദുരിതത്തിലാണ്. അമ്പതോളം വീടുകൾ ഈ ഭാഗത്ത് വെള്ളത്തിലാണ്.
മഴവെള്ളത്തോടൊപ്പം വേലിയേറ്റവും രൂക്ഷമായതോടെ പെരുമ്പടപ്പ്, കുമ്പളങ്ങി, പള്ളുരുത്തി, ചെല്ലാനം എന്നീ ഭാഗങ്ങളും ദുരിതത്തിലാണ്. പെരുമ്പടപ്പ് റോഡിൽ വെള്ളം നിറഞ്ഞതോടെ കാൽനടയാത്രപോലും അസാദ്ധ്യമായി. വേലിയേറ്റംമൂലം എം.എ.മാത്യു റോഡും വെള്ളക്കെട്ടിലായി. വി.പി.ശശി റോഡ്, എം.എൽ.എ റോഡ്, പള്ളുരുത്തി വെളി മൈതാനം തുടങ്ങിയ സ്ഥലങ്ങളും വെള്ളക്കെട്ടിലാണ്.
ചെല്ലാനത്ത് കടൽകയറ്റത്തിന് അൽപ്പം ശമനമുണ്ടെങ്കിലും വീടുകളിലെ വെള്ളക്കെട്ടിന് അറുതി വന്നിട്ടില്ല. റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.