ആലുവ: വെള്ളപ്പൊക്കം സംബന്ധിച്ച് വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വ്യാജ പ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ചിലർ മുൻ വർഷങ്ങളിലെ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ നിരീക്ഷണത്തിലുമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. പുഴയിലെ ജലനിരപ്പു സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ജില്ലാ പൊലീസും ജില്ലാ ഭരണകൂടവും യഥാസമയം നൽകുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ നേരിടുന്നതിന് റൂറൽ ജില്ലാ പൊലീസും സജ്ജമാണ്. വെള്ളം കയറുന്ന പ്രദേശങ്ങളിൽ നേരത്തെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.

കൊവിഡ് വ്യാപനം മുന്നിൽ കണ്ടു കൊണ്ടാണ് റവന്യു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ജനങ്ങൾ ഇപ്പോൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് എസ്.പി പറഞ്ഞു.