കോലഞ്ചേരി:മൂവാ​റ്റുപുഴയാർ കരകവിഞ്ഞൊഴികതോടെ ഐക്കരനാട്, പൂതൃക്ക പഞ്ചായത്തലെ വീടുകളിൽ വെള്ളം കയറി. ഐക്കരനാട് പെരുവംമൂഴിയിലെ ഒമ്പത് കുടുംബങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ ക്യാമ്പിലേക്ക് മാ​റ്റി. ചാത്തനാട്ടുകുഴി പ്രദേശങ്ങളിലെ പത്തോളം കുടുംബങ്ങളും ഭീഷണിയിലാണ്. പെരുവംമൂഴിയിൽ വാടകക്ക് താമസിച്ചിരുന്ന പതിനൊന്ന് അന്യ സംസ്ഥാന തൊഴിലാളികളെ കടമ​റ്റം പഞ്ചായത്ത് കമ്മ്യൂണി​റ്റി സെന്ററിലേക്ക് മാ​റ്റി. പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിളളി യു.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് പതിനൊന്ന് കുടുംബങ്ങളെ നേരത്തെ മാ​റ്റിയിരുന്നു. തമ്മാനിമ​റ്റം, പാലക്കാമ​റ്റം പ്രദേശങ്ങളിലെ വീടുകളും ഭീഷണിയിലാണ്. തിരുവാണിയൂർ പഞ്ചായത്തിലെ മുരിയമംഗലം, പള്ളിപ്പാട്ട്, മാമല, കക്കാട് ഭാഗത്ത് പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. കവലീശ്വരം ഭാഗത്തെ വീടുകളിലുള്ളവരെ ബന്ധു വീടുകളിലേക്ക് മാ​റ്റി. പള്ളിപ്പാട്ട് റോഡിൽ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. വെൺമണിയിൽ വീടുകളിൽ വെള്ളം കയറി. മഴുവന്നൂർ പഞ്ചായത്തിൽ കടക്കനാട് എം.ടി.എം എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. പഞ്ചായത്തിലെ ആവുണ്ട, പുലിക്കുന്നുമോളം, കടക്കനാട്, വൈദ്യശാലപ്പടി, കണ്ണിക്കാട്ടുമോളം, ഞ്ഞെരിയാംകുഴി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പഴന്തോട്ടം പഞ്ചായത്ത് കിണറിനടുത്ത് റോഡിൽ വെള്ളക്കെട്ടുണ്ടായി. തിരുവാണിയൂർ പഞ്ചായത്തിലെ ചെറുകുന്ന് കോളനിയിൽ വീടിന്റെ ചുറ്റു മതിൽ ഇടിഞ്ഞ് കോളനി നിവാസകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ബുദ്ധിമുട്ടുകയാണ്.