bank

അരലക്ഷം രൂപ വരെ സഹായം

15 വരെ അപേക്ഷ സമപ്പിക്കാം

കൊച്ചി: സഹകരണ ബാങ്കുകളിലെ സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്ന് അർഹരായവർക്ക് ധനസഹായം അനുവദിക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഈ മാസം 15 വരെ അപേക്ഷ നൽകാം. കൊവിഡ് പശ്ചാത്തലത്തിലാണ് സഹായം നൽകുന്നത്. അപേക്ഷകർ ബാങ്കിലെ അംഗങ്ങളായിരിക്കണം. മാരകരോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവർ, അർബുദം, കരൾ,വൃക്ക, തുടങ്ങിയവയ്ക്ക് ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ, എച്ച്.ഐ.വി ബാധിതർ, തളർന്ന് കിടപ്പിലായവർ, വാഹന അപകടത്തിൽപെട്ട് അംഗവൈകല്യം സംഭവിച്ച് കിടപ്പിലായവർ അല്ലെങ്കിൽ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർ,മാതാപിതാക്കൾ എടുത്ത വായ്പ മൂലം ബാദ്ധ്യതയുള്ള കുട്ടികൾ തുടങ്ങിയവർക്ക് സഹായം ലഭിക്കും. പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെയാണ് സഹായമായി ലഭിക്കുന്നത്.

രേഖകൾ ഹാജരാക്കണം

ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പത്തു ശതമാനം ലാഭവിഹിതം അംഗസമാശ്വാസ ഫണ്ടിലേക്ക് മാറ്റണം എന്നാണ് ചട്ടം. ഈ ഫണ്ടാണ് അർഹരായവർക്ക് നീക്കി വച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷകൾ ചികിത്സ സംബന്ധമായതും വരുമാന സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള രേഖകൾ സഹിതം അതാത് പ്രാഥമിക സഹകരണ സംഘങ്ങളിൽ നൽകണം.അപേക്ഷാഫോമുകളും വിശദവിവരങ്ങളും ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും ബാങ്ക് ഡയറക്ടർമാരിൽ നിന്നും ലഭിക്കുന്നതാണ്. സഹകരണസംഘം ഭരണസമിതി ചേർന്ന് ഇവരുടെ അപേക്ഷ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സഹിതം അസിസ്റ്റന്റ് രജിസ്‌ട്രാർക്ക് നൽകും. ഇത് ജോയിന്റ് രജിസ്ട്രാർ മുഖേന സഹകരണസംഘം രജിസ്ട്രാർക്ക് കൈമാറും. സഹകരണമന്ത്രി,സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് ഇത് പരിശോധിച്ച് അർഹരായവർക്ക് ധനസഹായം അനുവദിക്കുന്നത്.

മൂന്നു ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് ഈ പദ്ധതിയിൽ നിന്നും ആനുകൂല്യം ലഭിക്കുന്നതല്ല. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാവും ധനവിതരണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.