കൊച്ചി: കളമശേരി നഗരസഭയിലെ കാർഷിക സോണിൽ അനധികൃതമായി നിർമ്മിച്ച ഫ്ളാറ്റിന് അനുമതി നൽകുന്നതിനെതിരെ പൊതുപ്രവർത്തകനായ ബോസ്‌കോ ലൂയിസ് ഹൈക്കോടതിയിൽ ഹർജി നൽകി. വിശാല കൊച്ചി വികസന അതോറിറ്റിയുടെ ജനറൽ ടൗൺ പ്ളാനിംഗ് സ്കീമിൽ കാർഷിക സോണെന്നു രേഖപ്പെടുത്തിയ പ്രദേശത്ത് 15 നിലകളുള്ള ഫ്ളാറ്റിന് അനുമതി നൽകിയതു ചോദ്യം ചെയ്താണ് ഹർജി നൽകിയിട്ടുള്ളത്. കൊച്ചി നഗരത്തിനു പുറമേ കളമശേരി, തൃപ്പൂണിത്തുറ നഗരസഭകൾ കൂടി ഉൾപ്പെടുത്തിയാണ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ജനറൽ ടൗൺ പ്ളാനിംഗ് സ്കീം തയ്യാറാക്കിയത്. ഇതിൽ കാർഷിക സോണായി രേഖപ്പെടുത്തിയിട്ടുള്ള പ്രദേശത്ത് ബഹുനില കെട്ടിടങ്ങൾ പാടില്ലെന്നാണ് നിയമം. ഇതു ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്. കാർഷിക സോണിലെ കെട്ടിട നിർമ്മാണം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ട് ചീഫ് ടൗൺ പ്ളാനർ (വിജിലൻസ്) സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനിടെ ഒക്യുപെൻസി സർട്ടിഫിക്കറ്റിനു വേണ്ടി ഫ്ളാറ്റ് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അപേക്ഷയിൽ ഉചിതമായ തീരുമാനമെടുക്കാൻ കഴിഞ്ഞ മേയ് 20 ന് ഉത്തരവിട്ടിരുന്നു. എന്നാൽ ചീഫ് ടൗൺ പ്ളാനറുടെ റിപ്പോർട്ട് ഉൾപ്പെടെ മറച്ചു വച്ചാണ് ഫ്ളാറ്റ് നിർമ്മാതാക്കൾ കോടതിയിൽ നിന്ന് ഉത്തരവു വാങ്ങിയതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.