ആലുവ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഭവനം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ തദ്ദേശ വകുപ്പു മന്ത്രി എ.സി. മൊയ്തീന് കത്തെഴുതി. കത്തിന്റെപകർപ്പ് മുഖ്യമന്ത്രിക്കും കൈമാറി.
ആഗസ്റ്റ് 14ന് ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. അപേക്ഷയോടൊപ്പം വിവിധ സർക്കാർ ഓഫീസിൽ നിന്നും ലഭിക്കേണ്ട 14 സർട്ടിഫിക്കറ്റുകളും സമർപ്പിക്കേണ്ടതുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ കഴിയുന്നവർക്ക് പുറത്തിറങ്ങുവാനും കഴിയുന്നില്ലെന്ന് മാത്രമല്ല, ഈ മേഖലകളിലെ മിക്കവാറും സർക്കാർ ഓഫീസുകളിലും പ്രവേശനത്തിനും നിയന്ത്രണമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് അപേക്ഷ സമർപ്പിക്കുന്നത് അപ്രായോഗികമാണെന്നും കത്തിൽ ചൂണ്ടികാട്ടി.