flat
ആലുവ നഗരത്തിൽ ഊമൻകുഴിത്തടത്തിൽ നില കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും മണ്ണിടിഞ്ഞ ഭാഗം പ്ളാസ്റ്റിക്ക് ഷീറ്റ് ഇട്ട് മൂടിയ നിലയിൽ.

ആലുവ: നഗരത്തിലെ ഊമൻകുഴിത്തടത്തിൽ ഞായറാഴ്ച്ച രാത്രി മൂന്ന് നില കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും മണ്ണിടിഞ്ഞ സാഹചര്യത്തിൽ സുരക്ഷ പരിശോധനക്കായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പരിശോധന നടത്തണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. നഗരസഭ എൻജിനീയറിംഗ് വിഭാഗവുമായി സംയുക്ത സ്ഥലപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് കത്ത് നൽകിയതായി നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം അറിയിച്ചു.

നഗരസഭ 11 -ാം വാർഡിൽ അംബേദ്കർ ഹാളിനോട് ചേർന്ന് കാട്ടുങ്ങൽ ബാബുവിന്റെയും സുന്ദരന്റെയും ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ അടിത്തട്ടിനോട് ചേർന്നാണ് മണ്ണ് ഇളകിയത്. ഏകദേശം 30 മീറ്ററോളം താഴെയുള്ള കോളനിയിലേക്കാണ് ഇളകിയ മണ്ണ് വീണത്. താഴെയുള്ള രണ്ട് വീടുകൾക്കും പൊതുശൗചാലയത്തിനും സമീപത്തായാണ് മണ്ണ് പതിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പാറക്കല്ല് പൊട്ടിച്ച സ്ഥലത്താണ് 20ഓളം കുടുംബങ്ങൾ താമസിക്കുന്നത്. ഈ കുടിലുകൾക്ക് മുകളിലുള്ള പറമ്പിലാണ് നാല് നില കെട്ടിടം. കെട്ടിടത്തിന്റെ വലിയ വാട്ടർ ടാങ്ക് ഉൾപ്പെടെയാണ് താഴേക്ക് പതിച്ചത്. ഇന്നലെ പകലും മണ്ണും ചെളിയും താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. മണ്ണിടിഞ്ഞ ഭാഗം ആളുകൾ കാണാതിരിക്കാൻ കെട്ടിട ഉടമ പ്ളാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മറ്റ് ഭാഗങ്ങളിൽ വള്ളിപ്പടപ്പുകളും നിൽക്കുന്നതിനാൽ മണ്ണിടിച്ചിലിന്റെ ഭീകരത ഒറ്റനോട്ടത്തിൽ വ്യക്തമാകില്ല.അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി എന്നിവർ സ്ഥലം സന്ദർശിച്ചു.

നാല് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

നഗരസഭ എൻജിനീയറിംഗ് വിഭാഗവും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളെയും താഴെ കോളനിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. ഇന്നലെ നഗരസഭ കണ്ടിജൻസി ജീവനക്കാരെ ഉപയോഗിച്ച് താഴെ വീണ മണ്ണ് നീക്കാൻ ശ്രമിച്ചെങ്കിലും ഈ സമയത്തും മുകളിൽ നിന്നും മണ്ണ് ഇളകി കൊണ്ടിരുന്നതിനാൽ നടന്നില്ല.