dam

കൊച്ചി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജലനിരപ്പിന്റെ വിവരങ്ങളും മണ്ണിടിച്ചിലുണ്ടാകാൻ സാദ്ധ്യതയുള്ള മേഖലകളിൽ സ്വീകരിച്ച നടപടികളും വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നേരിട്ട പ്രളയം ചൂണ്ടിക്കാട്ടി ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിലെ ആശങ്ക പങ്കു വച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഈ നിർദ്ദേശം. ഒരാഴ്ചയ്ക്കുള്ളിൽ വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ച് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ആഗസ്റ്റ് 18 ലേക്ക് മാറ്റി.

നൽകേണ്ട വിവരങ്ങൾ

 കേരളത്തിലെ ഡാമുകളിൽ നിലവിലുള്ള ജലനിരപ്പ്

 ജലനിരപ്പ് നിയന്ത്രിക്കാൻ സ്വീകരിച്ച മുൻകരുതലുകൾ

 ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ

 ഇത്തരം സ്ഥലങ്ങൾ കണ്ടെത്താൻ സ്വീകരിച്ച നടപടികൾ

 ദുരന്തമുണ്ടാകുന്നതു തടയാൻ സ്വീകരിച്ച മുൻകരുതലുകൾ

മൺസൂൺ എത്തുന്നതിനു മുമ്പുതന്നെ ഇടുക്കി ഡാമിലുൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നെന്ന മാദ്ധ്യമ വാർത്തകളെത്തുടർന്ന് കഴിഞ്ഞ മേയ് 14 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. തുടർന്ന് ഇതു സ്വമേധയാ ഹർജിയായി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ദുരന്ത നിവാരണ അതോറിറ്റിയെയും ഊർജ്ജ, ജലവിഭവ വകുപ്പ് സെക്രട്ടറിമാരെയും കേന്ദ്ര ജലകമ്മിഷനെയും കക്ഷി ചേർത്തിരുന്നു. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളയേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് നിയന്ത്രിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരണം നൽകിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് കേരളത്തിൽ മഴ കനത്തത്. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ ഈ സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞത്.