ആലുവ: സഹപ്രവർത്തകന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആലുവ ഫയർ സ്റ്റേഷനിൽ ക്വാറന്റൈയിനിൽ ഇരുന്നവരിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഫയർ സ്റ്റേഷനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞമാസം 27ന് ഇതേ ഓഫീസിലെ പുത്തൻകുരിശ് സ്വദേശിയായ ഒരാൾക്ക് ആദ്യം കൊവിഡ് ബാധിച്ചത്. ഇതേതുടർന്ന് ഓഫീസ് കെട്ടിടത്തിൽ ക്വാറന്റൈയിനിലായിരുന്ന 18 പേരിൽ തിരുവനന്തപുരം സ്വദേശിയായ ജീവനക്കാരന് കഴിഞ്ഞ ആറിന് രോഗം സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം ആലുവ ജില്ലാ ആശുപത്രിയിൽ സ്രവ പരിശോധനക്ക് പോയ മറ്റ് നാല് പേരും ആലുവ ഫയർ ഫോഴ്സ് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ക്വാറന്റൈയിനിലായിരുന്നു. ഇക്കൂട്ടത്തിൽപ്പെട്ട മറ്റൊരു തിരുവനന്തപുരം സ്വദേശിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് ജീവനക്കാരെയും തൃപ്പൂണിത്തുറ പുതിയകാവിലെ ഗവ. ആയുർവേദ ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി സ്റ്റേഷൻ ഓഫീസർ കെ.വി. അശോകൻ പറഞ്ഞു.