കൊച്ചി: കേരളത്തിന്റെ തനിമ നിലനിറുത്തുന്ന പല പരമ്പരാഗത തനതുകലകളും അന്യംനിന്നു പോവുകയാണെന്നും അവയെ സംരക്ഷിക്കുന്നതിന് സർക്കാർ തലത്തിലുള്ള സംരക്ഷണ പദ്ധതികളോടൊപ്പംതന്നെ ജനങ്ങളും പൈതൃക സംരക്ഷണത്തിൽ താത്പര്യം കാണിക്കണമെന്നും ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. കഥകളിയും ഓട്ടൻതുള്ളൽ പോലുള്ള ക്ഷേത്രകലകളും ചവിട്ടുനാടകം പോലുള്ള ക്രൈസ്തവ കലകളും ആധുനിക കാലഘട്ടത്തിൽ പൊതുജനങ്ങളിൽ സ്വീകാര്യത കുറയുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എറണാകുളം ജില്ലയിൽ നിന്നുള്ള ഫോക് ലോർ അവാർഡ് ജേതാക്കൾക്ക് പൈതൃകചരിത്ര സാംസ്‌കാരികവേദി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം എ.പി.എസ്.എസ് ഹാളിൽ നടന്ന സ്വീകരണ പരിപാടിയിൽ ഫോക് ലോർ ഫെലോഷിപ്പ് ജേതാക്കളായ ആന്റണി പുത്തൂർ, തമ്പി പയ്യപ്പിള്ളി, അവാർഡ് ജേതാക്കളായ ബ്രിട്ടോ വിൻസന്റ്, ജാക്‌സൺ മാർട്ടിൻ എന്നിവർക്ക് ടി.ജെ വിനോദ് എം.എൽ.എ പുരസ്‌കാരങ്ങൾ സമർപ്പിച്ചു. പൈതൃക പ്രസിഡന്റ് ഫെലിക്‌സ്.ജെ.പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി ഡോ. ചാൾസ് ഡയസ്, പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഡോ. മേരിദാസ് കല്ലൂർ, സി.എസ്. ജോസഫ്, ബേസിൽ മുക്കത്ത്, ഫ്രാൻസിസ് ഡിക്രൂസ് എന്നിവർ സംസാരിച്ചു.