കാലടി: പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോടിന്റെ തീരങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ. മഴക്കാലപൂർവ നവീകരണത്തിന്റെ ഭാഗമായി സിയാൽ ജലസ്രോതസിന്റെ ആഴവും,വീതിയും വർധിപ്പിച്ചതോടെ മല വെള്ള കുത്തൊഴുക്കാണ് രൂപപ്പെട്ടത്. ഇതുമൂലം തുറവുംകര, ചെങ്ങൽ പ്രദേശങ്ങളിൽ തീരങ്ങൾ വലിയ തോതിൽ ഇടിയുന്നു.
അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പൻ വൈസ് പ്രസിഡന്റ് ഹണി ഡേവീസ്,ബ്ലോക്ക് പഞ്ചായത്തംഗം എ .എ സന്തോഷ്, പഞ്ചായത്ത് ആസൂത്രണ സമിതിയംഗം പി ഐ നാദിർഷ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അശേകൻ, കാലടി പഞ്ചായത്ത് മെമ്പർ ആൽബിൽ ആന്റണി എന്നിവർ സ്ഥലം സന്ദർശിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് പോൾ ജെ പടയാട്ടി, ബൂത്ത് പ്രസിഡന്റ് പി എച്ച് ഹമീദ്,പി കെ സദാനന്ദൻ, തീരദേശ ഭൂവുടമകളായ റിജോപടയാട്ടി, സാജു തോമസ്, ജോയിപടയാട്ടി,പി.എം ജോസ്,വർഗീസ്പടയാട്ടി എന്നിവരും ഒപ്പമുണ്ടായി. വിമാനത്താവള അതോറിറ്റി, റിവർ മാനേജ്‌മെന്റ് അതോറിറ്റി തുടങ്ങിയവരെ കാര്യങ്ങൾ ധരിപ്പിച്ച് അടിയന്തിര നടപടികൾ സ്വീകരിയ്ക്കണമെന്ന് നാട്ടുകൾ ആവശ്യപ്പെട്ടു.
വൻ നാശനഷ്ടം
ജാതിയുൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും,കാർഷിക വിളകളുമെല്ലാം തോട്ടിൽ പതിച്ചു. കൂടാതെ പുളിയാമ്പിള്ളി ലിഫ്റ്റ് ഇറിഗേഷൻ ,പമ്പ് ഹൗസ്,ക്ഷേത്ര കുളിക്കടവ് എന്നിവ മണ്ണിടിച്ചിൽ ഭീഷണിയാണ്. ഈ ഭാഗത്ത് ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ തോടുപള്ളമിടിഞ്ഞതുമൂലം വൻ നാശനഷ്ടം വന്നിട്ടുണ്ട്.വൻതോതിൽ ഭൂമി തോട്ടിലേക്കിടിയുന്ന സ്ഥിതിയാണുളളത്.
ആശങ്കയിൽ നാട്ടുകാർ
ചെങ്ങൽ പ്രദേശത്ത് പുതിയപാലം നിർമ്മിച്ചപ്പോൾ നടത്തിയ പൈലിംഗിന്റെ ഭാഗമായുണ്ടായ പ്രകമ്പനത്തിൽ കൽക്കെട്ടുൾപ്പെടെയാണ് ഇടിഞ്ഞിട്ടുള്ളത്.ഇളംകുന്നിൽ ബാബുവിന്റെ വീട് ഇതു മൂലം തകർച്ചയുടെ വക്കിലാണ്. അടിയന്തരമായി തീരം കെട്ടി സംരക്ഷിച്ചില്ലെങ്കിൽ വൻതോതിൽ ഭൂമി,വീടുകൾ, കാർഷിക വിളകളും തോട്ടിൽ പതിക്കുമെന്ന് ആശങ്കയിലാണ്‌നാട്ടുകാർ.