കിഴക്കമ്പലം: ഞാറള്ളൂരിൽ ബേത് ലെഹേം സ്കൂളിനടുത്ത് വഴിയരികിൽ സ്കൂട്ടറിൽ മൊബൈൽ ഫോണിൽ സംസാരിച്ചു നിന്ന യുവതിയുടെ മാല കവർന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കുന്നുകര സൗത്ത് അടുവാശേരി ചേറ്റിയപ്പിള്ളി വിഷ്ണുമോഹന്റെ ഭാര്യ അഞ്ജുവിന്റെ ഒന്നര പവൻ മാലയും താലിയുമാണ് കവർന്നത്. പൾസർ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ.സംഘത്തിലൊരുവൻ അഞ്ജുവിന്റെ പിന്നിലെത്തി മാല പൊട്ടിച്ചു . ഇതേ സമയം ബൈക്കിലിരുന്നയാൾ സ്കൂട്ടറിനു സമീപം ഓടിച്ചെത്തിച്ചതോടെ അതിൽ കയറി രക്ഷപ്പെട്ടു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി ഷാജന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.