കൊച്ചി: ഗവ. ലാ കോളേജുകളിലെ 160 എൽ.എൽ.ബി സീറ്റുകൾ വെട്ടി കുറയ്ക്കനുള്ളാ തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് കേരള ലായേഴ്‌സ് കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

2020 - 2021 വർഷത്തേക്ക് 400 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചശേഷം സീറ്റുകൾ വെട്ടിക്കുറച്ചത് വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കും.

പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേക്ക് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് കോളേജുകളിലായി 320 സീറ്റിലേയ്ക്കും സ്വകാര്യ കോളേജുകളിലേക്ക് 1030 സീറ്റുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഗവ. കോളേജുകളുടെ സീറ്റുകൾ വെട്ടിക്കുറച്ച് സ്വകാര്യ കോളേജുകളിൽ സീറ്റ് വർദ്ധിപ്പിക്കാനുള്ള തീരുമാനം ദുരുദേശപരമാണ്.

കേരള ലായേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോർജ് മേച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, ജോസഫ് ജോൺ, ജോർജ് കോശി, ജോബി ജോസഫ്,, വൈസ് പ്രസിഡന്റ് സന്തോഷ് കുര്യൻ, സിറിയക് കുര്യൻ, കെ.ഇസഡ്. കുഞ്ചെറിയ, പി.കെ. ലാൽ, ബിനു തോട്ടുങ്കൽ എന്നിവർ സംസാരിച്ചു.