ആലുവ: ലോക്ക് ഡൗണും കർഫ്യുവും മൂലം ആലുവയിലെ ജനജീവിതം സ്തംഭനത്തിലായിരിക്കുകയാണെന്നും കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്നും എൽ.ഡി.എഫ് ആലുവ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസത്തോളമായി ആലുവ മേഖലയിലെ ഭൂരിപക്ഷം പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിലാണ്. ജനങ്ങൾ ജോലിക്ക് പോകാനാകാതെ ദുരിതാവസ്ഥയിലാണ്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അവസരം മുതലാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. സ്ഥലം എം.എൽ.എയുടെ ഉപവാസം രാഷ്ട്രീയ നാടകം മാത്രമാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ കെ.എം. കുഞ്ഞുമോൻ അദ്ധ്വക്ഷത വഹിച്ചു. സി.പി.എം സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, എൻ.സി.പി മണ്ഡലം പ്രസിഡന്റ് കെ.എച്ച്.ഷംസുദ്ദീൻ, എം.എ. ടോമി എന്നിവർ സംസാരിച്ചു.