flood
കക്കടാശ്ശേരിയിൽ റോഡിൽ വെള്ളം കയറിയ നിലയിൽ

മൂവാറ്റുപുഴ: ശനിയാഴ്ച രാത്രിയിൽ മഴശക്തിയായതോടെ മൂവാറ്റുപുഴ നഗരത്തിലേയും സമീപ പ്രദേശങ്ങളിലും വെള്ളം ഉയർന്നു. ശക്തമായ മഴയിൽ മൂവാറ്റുപുഴയാറിൽ നീരൊഴുക്ക് കൂടിയതോടെയാണ് മേഖലയിലെ താഴ്ന്ന സ്ഥലങ്ങളായ ഇലാഹിയ നഗർ, ആനിക്കാക്കുടി കോളനി, പേട്ട, കിഴക്കേക്കര , മൂവാറ്റുപുഴ കാവിന്റെ പരിസരം , തൃക്ക ജംഗ്ഷനിലെ ഇ.എം.എസ് കോളനി , ആനച്ചാൽ, കടാതി , എട്ടങ്ങാടി, കാളച്ചന്ത, കൂളുമാരി, രണ്ടാർ, പായിപ്ര പഞ്ചായത്തിലെ പെരുമറ്റം , കക്കടാശേരി , പുഴക്കരക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി .കൊവിഡ് 19 നെ ഭയന്ന് കൂടുതൽ പേരും ക്യാമ്പുകളിലേക്ക് പോകാതെ സ്വന്തക്കാരുടെ വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്. മൂവാറ്റുപുഴ ആറിന്റെ ജലനിരപ്പ് ക്രമാധീതമായി ഉയരുന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടർ 39.42 സെന്റീമീറ്റർ താഴ്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇതോടെ വെള്ളം കയറലിന്റെ ശക്തികുറഞ്ഞിട്ടുണ്ട്.


ഗതാഗതം തടസപ്പെട്ടു

മലയോര മേഖലയിലുണ്ടായ കനത്തമഴയെ തുടർന്ന് കാളിയാർ പുഴയിലെ നീരൊഴുക്ക് വർദ്ധിച്ചതും , ഡാമുകളിലെ വെള്ളം വരവും കൂടിയതും മൂവാറ്റുപുഴയാർ നിറഞ്ഞൊഴു കുവാൻ കാരണമായി. കക്കടാശ്ശേരിയിലും , പെരുമറ്റത്തും കാരക്കുന്നത്തും റോഡിൽ വെള്ളം കയറിയതോടെകോതമംഗലം, കാളിയാർ റൂട്ടുകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.


605 വീടുകളിൽ വെള്ളം കയറി

തൃക്ക ഇ.എം.എസ്. കോളനിയിലെ 9 വീടുകളിലും , പേട്ടയിലെ 30വീടുകളിലും റോട്ടറി റോഡിലെ 30 വീടികളിലും, ചന്തക്കടവിൽ 30 വീടുകളിലും ആനിക്കാട് മുത്തുകാട്ട് ശേരി കോളനി റോഡിലെ നിരവധി വീടുകളിലും ശനിയാഴ്ച രാത്രിയിൽ വെള്ളം കയറി. മൂവാറ്റുപുഴ മാർക്കറ്റിൽ വെള്ളം കയറിയതോടെ രാത്രി തന്നെ വ്യാപാരികൾ തങ്ങളുടെ കടകളിൽ നിന്നും സാധനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുവാൻ തുടങ്ങി. മൂവാറ്റുപുഴ മേഖലയിൽ ശനിയാഴ്ച രാത്രിയിലേതുൾപ്പടെ 605 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.