മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ 7-ദിവസത്തേക്ക് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു. മത്സ്യ-ആട് വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചിരിന്നത്. ഇയാളുടെ സമ്പർക്ക ലിസ്റ്റിലുള്ള 14 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ മൂന്ന്, നാല്, അഞ്ച് വാർഡുകൾ പൂർണമായും കണ്ടയ്മെന്റ് സോണായി.രോഗിയുടെ പ്രൈമറി കോണ്ടാക്റ്റിലുള്ള 65-പേരെ കണ്ടെത്തി ക്വറന്റൈയിനിലാക്കിയിരുന്നു. സെക്കൻഡറി കോണ്ടാക്റ്റിൽ 200-ഓളം പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. സമ്പർക്കപട്ടിക പൂർണമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനായി പഞ്ചായത്തിലേക്ക് രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിച്ചിട്ടുണ്ട്‌.പഞ്ചായത്തിലെ കൊവിഡ് ടെസ്റ്റ് ഫലം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും. ആർ.ഡി.ഒ. കെ.ചന്ദ്രശേഖരൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

നിയന്ത്രണങ്ങളോടെ കടകൾ തുറക്കാം

പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളുടെയും പ്രവർത്തനം രാവിലെ 9‌- മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നിജപ്പെടുത്തിയിട്ടുണ്ട്. പലചരക്ക്, പച്ചക്കറി കട, മെഡിക്കൽ സ്റ്റോർ, തുടങ്ങിയവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ മൃഗങ്ങൾക്ക് മരുന്ന് വിൽക്കുന്ന സ്ഥാപനം മൂന്ന് ദിവസം കഴിയുമ്പോൾ ഒരു ദിവസം തുറക്കും. തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടക്കോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂ.


പ്രവർത്തനസജ്ജമായി പൊലീസ്

പൊലീസ് പരിശോധന കർശനമാക്കാൻ പൊലീസിന് താത്കാലിക സംവിധാനം ഒരുക്കും. പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കും. പഞ്ചായത്തിൽ ജീവിത ശൈലി രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകൾ വീട്ടിലെത്തിക്കും. പഞ്ചായത്തിൽ ഏത് അടിയന്തിര ഘട്ടത്തിലും ആമ്പുലൻസ് സർവീസ് ഒരുക്കും.

14പേർക്ക് കൊവിഡ്

ആയവന ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന ജനവാസ കേന്ദ്രങ്ങളിൽ കൊവിഡ് സമൂഹ വ്യാപനം മൂലം ഇന്നലെ 14-പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ പ്രൈമറി കോൺടാക്റ്റിലുള്ള 140 - പേരെ കണ്ടെത്തി ക്വറന്റൈനിലാക്കിയിട്ടുണ്ട്.