aniyal-beach
എടവനക്കാട് കടലാക്രമണപ്രദേശങ്ങൾ എസ് ശർമ്മ എം.എൽ.എ സന്ദർശിക്കുന്നു

വൈപ്പിൻ: കടൽ ക്ഷോഭം നേരിടുന്ന എടവനക്കാട് പഞ്ചായത്തിലെ പഴങ്ങാട്, നായരമ്പലം പഞ്ചായത്ത് എന്നിവിടങ്ങളിൽ ജിയോബാഗ്ഉപയോഗിച്ചുള്ള താത്കാലിക സംരക്ഷണപ്രവർത്തനങ്ങൾക്കും മണൽവാട പുനർനിർമ്മാണത്തിനുള്ള അടിയന്തിര ജോലികൾക്കുമായി 20 ലക്ഷം രൂപ വീതവും വെളിയത്താംപറമ്പിലെ കടൽഭിത്തി പുനരുരുദ്ധാരണത്തിന് 10 ലക്ഷവും അനുവദിച്ചതായി എസ് ശർമ്മ എം.എൽ.എ പറഞ്ഞു.

ചെറായി ബീച്ചിൽ ജിയോബാഗ് സ്ഥാപിക്കുന്നതിനും മണൽവാട പുനർനിർമ്മിക്കുന്നതിനുമായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.കൂടാതെ 17.50 ലക്ഷം രൂപയുടെ ജിയോബാഗ് ഉപയോഗിച്ചിട്ടുള്ള കടൽഭിത്തി നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ഇതരപ്രവർത്തികൾയുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

എടവനക്കാട് അണിയൽ ബീച്ചിൽ രണ്ട് പുലിമുട്ടുകൾ സ്ഥാപിക്കുന്നതിന് ഇതിനകം ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ കരാറുകാർ ഏറ്റെടുക്കുവാൻ തയ്യാറായിട്ടില്ല. അണിയൽ, ചെറായി ബീച്ചുകളിൽ കടൽഭിത്തി പുനർനിർമ്മാണത്തിന് യഥാക്രമം 35 ലക്ഷം, 32 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളതാണെങ്കിലും കരാരുകാരുടെ നിസഹകരണം മൂലം പണി നടന്നിട്ടില്ല.

കടലാക്രമണം നേരിടുന്ന അണിയൽ, കൂട്ടുങ്കൽച്ചിറ, ചാത്തങ്ങാട് പ്രദേശങ്ങൾ സന്ദർശിക്കവേയാണ് എം എൽ എ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവൻ മിത്ര, ജലവിഭവ വകുപ്പ് അസി. എൻജിനീയർ ജോർഡി, പി കെ നടേശൻ, ഇ വി സുധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.