കൊച്ചി : പ്രളയ ദുരിതാശ്വാസഫണ്ടിൽനിന്ന് പണംതട്ടിയ കേസിൽ അറസ്റ്റിലായ സി.പി.എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ അംഗം എം.എം. അൻവറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, സമാന കേസുകളിലുൾപ്പെടരുത് എന്നീ വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അൻവറിനെ പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരായിരുന്ന വിഷ്ണുപ്രസാദും മഹേഷും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ആദായനികുതി പ്രശ്നങ്ങളുള്ളതിനാൽ ഒരു സുഹൃത്ത് തനിക്കു തരാനുള്ള പണം അൻവറിന്റെ ബാങ്ക് അക്കൗണ്ട് വഴി വാങ്ങി നൽകണമെന്ന മഹേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രവർത്തിച്ചത്. അയ്യനാട് സഹകരണബാങ്കിലെ തന്റെ അക്കൗണ്ടിലെത്തിയ പണം പ്രതികൾക്ക് കൈമാറുകയും ചെയ്തു. പിന്നീട് ദുരിതാശ്വാസനിധിയിൽ നിന്നുള്ള തുകയാണെന്നറിഞ്ഞപ്പോൾ പ്രതികളിൽനിന്ന് പണം തിരികെവാങ്ങി തിരിച്ചടച്ചെന്നും ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയെന്നും അൻവർ വാദിച്ചു.
അൻവർ തട്ടിപ്പിനു സഹായംചെയ്തുകൊടുത്തെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തന്റെ അക്കൗണ്ടിലെത്തിയ പണം മുഖ്യപ്രതികൾക്ക് കൈമാറിയെന്നതാണ് അൻവറിനെതിരെയുള്ള കേസെന്നും മറ്റേതെങ്കിലും തരത്തിൽ തട്ടിപ്പു നടത്തിയെന്ന് ആരോപണമില്ലെന്നും സിംഗിൾബെഞ്ച് വിലയിരുത്തി. തുടർന്നാണ് ജാമ്യം നൽകിയത്.