പള്ളുരുത്തി:പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കച്ചകെട്ടി കൊച്ചി കോർപ്പറേഷൻ. ഒരോ ഡിവിഷനിലും വെള്ളക്കെട്ട് നിർമ്മാർജനത്തിന് 10 ലക്ഷം വീതം അനുവദിച്ചു. ചെറുതും വലുതുമായ എല്ലാ കാനകളും യുദ്ധകാല അടിസ്ഥാനത്തിൽ ക്ലീനാക്കും.ജെ.സി.ബി,​ ഹിറ്റാച്ചി എന്നിവ ഉപയോഗിച്ചായിരിക്കും കാന വൃത്തിയാക്കൽ. ആദ്യഘട്ടമെന്ന നിലയിൽ പെരുമ്പടപ്പ് കൊവേന്ത ജംഗ്ഷൻ മുതൽ കായൽ വരെ ഇരുവശങ്ങളിലെയും കാനകൾ വൃത്തിയാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.

പതിനെട്ടാം ഡിവിഷനിലെ കട്ടത്തറ കൃഷ്ണൻതോട് ഉൾപ്പടെയുള്ള വലിയ തോടുകളിലെ ചെളി നീക്കം ചെയ്യുന്നതിനുള്ള ജോലികളും ഉടൻ ആരംഭിക്കും. വലിയതോടുകൾ നവീകരിക്കുന്നതിന് ആറ് ലക്ഷവും ചെറിയ കാനകൾക്ക് നാല് ലക്ഷം വീതമാണ് നീക്കി വച്ചിരിക്കുന്നത്. പാതയോരങ്ങളിലെ കൊടി മരങ്ങളും മറ്റും നീക്കണമെന്നും കാനയിൽ നിന്നും കോരിമാറ്റുന്ന ചെളി താഴ്നപ്രദേശങ്ങളിൽ നിക്ഷേപിക്കണമെന്നും സബർമതി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന ഏകോപന പ്രവർത്തികൾക്ക് ഡപ്യൂട്ടി മേയറെ കെ.ആർ പ്രേമകുമാർ,​നഗരസഭാംഗം ജലജാമണി നരേന്ദ്രൻ, അസി.എക്സി.എഞ്ചിനിയർ ടി.കെ.ഹരിദാസൻ, ഉദ്യോഗസ്ഥൻമാരായ‌ അമൽ കെ.സജീവ്, കെ.പി.അരവിന്ദാക്ഷൻ, കെ.പി.സുരേഷ് കുമാർ, കെ.കെ.ഷൈനി വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.

വരും ദിവസങ്ങളിൽ മറ്റു ഡിവിഷനുകളിലെ കാനകളിലെ മാലിന്യം നീക്കം ചെയ്യുന്നതോടെ വെളളക്കെട്ട് എന്ന ദുരിതത്തിന് പരിഹാരമാകും. കായലുകളിലെ ചെളി മുഴുവനായും നീക്കം ചെയ്യും. കാനകളിലെ വെള്ളം കായലിൽ എത്തിക്കും. പഴയ സ്ളാബുകൾ നീക്കി പുതിയത് സ്ഥാപിക്കാനാണ് തയ്യാറെടുക്കുന്നത്.

കെ.ആർ പ്രേമകുമാർ

ഡെപ്യൂട്ടി മേയർ

കൊച്ചി കോർപ്പറേഷൻ