 സംസ്ഥാന സർക്കാർ മൂന്നുമാസത്തെ സാവകാശം തേടി

കൊച്ചി : മുളന്തുരുത്തി മർത്തോമൻ പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്‌സ് വിഭാഗത്തിനു കൈമാറുന്നതിന് കേന്ദ്ര സേനയുടെ സഹായം തേടുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇക്കാര്യത്തിൽ അസി. സോളിസിറ്റർ ജനറലിന്റെ നിലപാടുതേടി. പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് പക്ഷത്തിന് കൈമാറാൻ കോടതി ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ലെന്നാരോപിച്ച് പള്ളി ട്രസ്റ്റി കെ.കെ. ജിമ്മി തകരൻ ഉൾപ്പെടെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നടപടി. ഹർജി ആഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും.

മർത്തോമൻ പള്ളി ഏറ്റെടുക്കാൻ ഒരാഴ്ചയ്‌ക്കകം നടപടിയെടുക്കണെമന്ന് ആഗസ്റ്റ് നാലിന് സിംഗിൾബെഞ്ച് കളക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ കൊവിഡ് രോഗ, പ്രളയസാഹചര്യങ്ങളിൽ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമല്ല കളക്ടർക്കുള്ളതെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വ്യക്തമാക്കി. പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ മറുവിഭാഗം എതിർക്കുന്ന സാഹചര്യത്തിൽ പൊലീസ് സഹായവും തേടണം. ലോക്ക് ഡൗൺ നിയന്ത്രണം നീക്കുന്ന മുറയ്ക്ക് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി നൽകിയ നിർദേശം നടപ്പാക്കും. ഇതിനായി മൂന്നുമാസമെങ്കിലും സമയം നൽകണമെന്നും സ്റ്റേറ്റ് അറ്റോണി ആവശ്യപ്പെട്ടു. എന്നാൽ വസ്തുതകൾ പരിശോധിച്ചതിൽ നിയമവാഴ്ചയുടെ ലംഘനമാണ് അവിടെ നടക്കുന്നതെന്ന് കോടതി പറഞ്ഞു. ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും തിരക്കിലാണെന്ന കാര്യം മനസിലാക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. ഇൗ സാഹചര്യത്തിലാണ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രസേനയുടെ സഹായംതേടുന്ന കാര്യം ഹൈക്കോടതി പരിഗണിച്ചത്.