കൊച്ചി : പശ്ചിമ കൊച്ചിയിലെ രാമേശ്വരം കനാൽ ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭ നൽകിയ വിശദീകരണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോ ഒാർഡിനേഷൻ കമ്മിറ്റി ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. രാമേശ്വരം കനാലിലെ ചെളി നീക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ചെളി നീക്കം പൂർത്തിയാക്കിയെന്ന് വ്യക്തമാക്കി നഗരസഭ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു ശരിയല്ലെന്നും നഗരസഭയുടെ വാദങ്ങൾ തെറ്റാണെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
മറുപടി സത്യവാങ്മൂലത്തിൽ നിന്ന് :
ചെളി നീക്കാനായി അമൃത് പദ്ധതിയിലെ പ്രവർത്തനങ്ങൾ ഫെബ്രുവരിയിലും ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ മേയിലും പൂർത്തിയാക്കിയെന്ന് നഗരസഭ പറയുന്നു. ഇതു ശരിയല്ല.
നീക്കം ചെയ്ത ചെളി എവിടെ നിക്ഷേപിച്ചുവെന്നതടക്കം പറയുന്നില്ല.
രാമേശ്വരം കനാലിന്റെ തോപ്പുംപടി ഹാർബർ - എം.കെ. രാഘവൻ റോഡ് ഭാഗത്തെ ചെളി നീക്കിയില്ല.
കനാലിന്റെ സംരക്ഷണ ഭിത്തിയുടെ ഉയരം കൂട്ടുന്ന ജോലികളാണ് നടക്കുന്നത്. ഇതു പ്രയോജനകരമല്ല.
കനാലിൽ ആഴത്തിലുള്ള ചെളി നീക്കുന്നത് സംരക്ഷണ ഭിത്തി തകർക്കുമെന്ന വാദം ശരിയല്ല.
ജല അതോറിറ്റി മുതൽ പി.ടി. ജേക്കബ് റോഡു വരെയുള്ള കനാൽ ഭാഗത്തെ ചെളി നീക്കിയിട്ടില്ല.
ചെളി നീക്കം ചെയ്തതിന്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ല.