dyfi
അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അശമന്നൂർ മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയുന്നു

പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി നൽകിയ പരാതിയിലും പഞ്ചായത്തിൽ നടന്ന അഴിമതിയിലും ഉൾപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. അശമന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കഴിഞ്ഞ 56 മാസക്കാലമായി പഞ്ചായത്തിൽ നടത്തിയ വിവിധങ്ങളായ പദ്ധതികളിലും ലൈസൻസ് നൽകുന്നതിലും വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിലും കെട്ടിട നമ്പർ നൽകുന്നതിലുമടക്കം നിരവധിയായ അഴിമതിയാണ് നടന്നിട്ടുള്ളത്. അശമന്നൂർ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഇത്രയധികം വിജിലൻസ് കേസുകൾ ഉണ്ടായിട്ടുള്ള ഭരണസമിതി നാളിതുവരെ ഉണ്ടായിട്ടില്ല. പഞ്ചായത്തിലെ ഭരണപക്ഷ അംഗങ്ങളും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇതിനെകുറിച്ചെല്ലാം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും ഇതിനെല്ലാം നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും അടക്കമുള്ള അഴിമതിക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരം ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സി.എസ്. ഷമീർ അധ്യക്ഷനായി. മേഖല സെക്രട്ടറി ഇ.എൻ. സജീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി എ.കെ. സുജീഷ്, ബ്ലോക്ക് കമ്മിറ്റിയംഗം ഇന്ദു സജി, വിവേക് എസ്. കുമാർ, ശ്രീജിത്ത്, സായി കൃഷ്ണൻ, രിതിൻ എന്നിവർ പ്രതിഷേധ ധർണയ്ക്ക് നേതൃത്വം നൽകി.