കൊച്ചി: കഴിഞ്ഞനാളുകളിൽ രൗദ്രഭാവം പൂണ്ട മഴ ഇന്നലെ ജില്ലയിൽ ചിണുങ്ങിപ്പെയ്തു. ഇടനേരം വെയിലുദിച്ചും വൈകിട്ട് ചെറുമഴയുമായിരുന്നു ഇന്നലെത്തെ കാലാവസ്ഥ. എന്നാൽ, ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴക്കെടുതിയ്ക്ക് കുറവുണ്ടായില്ല. മൂവാറ്റുപുഴയാറിലെ വെള്ളം കരകവിഞ്ഞതിനാൽ മൂവാറ്റുപുഴ ഇന്നലെയും വെള്ളക്കെട്ടിൽ മുങ്ങി. നഗരത്തിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ജില്ലയിലെ 417 കുടുംബങ്ങളിലെ 1139 പേർ ക്യാമ്പുകളിലാണ്. വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഭീഷണി ഉള്ള സ്ഥലങ്ങളിൽ നിന്നാണ് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുള്ളത്.
ജില്ലയിൽ നിലവിൽ 52 ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ഇതുവരെ ആറ് വീടുകൾ പൂർണമായും 228 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. നേരിയമംഗലത്തിനു സമീപം റോഡിൽ വിള്ളലും മണ്ണൊലിപ്പും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രദേശവാസികളായ 31 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജോയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി.
താലൂക്ക് - ക്യാമ്പുകളുടെ എണ്ണം
ആലുവ -5
കണയന്നൂർ-10
കൊച്ചി - 2
കോതമംഗലം - 7
കുന്നത്തുനാട് - 2
മൂവാറ്റുപുഴ - 9
പറവൂർ -17