മുംബയ്: കൊവിഡും ലോക്ക് ഡൗണും മൂലം രാജ്യത്തെ മൊബൈൽ ഫോൺ വിപണിയുടെ റേഞ്ച് പോയി. കഴിഞ്ഞ വർഷം ഏപ്രിൽ - ജൂൺൺ കാലയളവിനേക്കാൾ ഇക്കുറി പകുതി ഫോണുകൾ മാത്രമാണ് വിറ്റുപോയത്.
2020 അവസാനമാകുമ്പോൾ വിപണി തിരിച്ചുവരുമെന്നാണ് ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷൻ (ഐ.ഡി.സി) റിപ്പോർട്ട്.
ഏപ്രിൽ - ജൂൺ കാലയളവിൽ രാജ്യത്ത് 18.2 ദശലക്ഷം മൊബൈൽ ഫോണുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50.6 ശതമാനം കുറവാണിത്.
കൊവിഡ് കാലത്ത് ചൈനയുടെ സിയോമിയായിരുന്നു ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ രാജാക്കന്മാർ. വില്പനയുടെ 29.4 ശതമാനവും ഇവർ സ്വന്തമാക്കി. സാംസംഗ് (26.3), Vivo (17.5), റിയൽമി (9.8), ഒപ്പോ (9.7) എന്നിവരാണ് പിന്നാലെ.
വിതരണ പ്രശ്നങ്ങളും ലോക്ക് ഡൗൺ കഴിഞ്ഞിട്ടും ഫാക്ടറികളിൽ ഉല്പാദനം കുറഞ്ഞതുമാണ് വില്പനയെ തളർത്തിയത്. പ്രതിസന്ധി കാലഘട്ടത്തിലും റീട്ടെയ്ലർമാർ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ തന്ത്രങ്ങൾ അവലംബിച്ചതിനാലാണ് പകുതിയെങ്കിലും കച്ചവടമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയയും ഡോർ സ്റ്റെപ്പ് മാർക്കറ്റിംഗും മറ്റുമായി അവർ രംഗത്തിറങ്ങി.