കൊച്ചി: കേന്ദ്രസർക്കാർ തയ്യാറാക്കിയ പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതി കരട് നിയമത്തിലെ (ഇ.ഐ.എ ഡ്രാഫ്ട് -2020 ) വിവാദ വ്യവസ്ഥകൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങി കക്ഷിരാഷ്ട്രീയ ഭേദമെന്യേ സംഘടനകൾ. യാതൊരു മുൻകൂർ അനുമതിയും കൂടാതെ വൻകിടനിർമ്മിതികളും വ്യവസായശാലകളും ആരംഭിക്കാൻ അനുവദിക്കുന്ന വ്യവസ്ഥകൾ പശ്ചിമഘട്ടത്തിനുൾപ്പെടെ ഭീഷണിയാകുമെന്ന് ആശങ്ക ശക്തമാണ്.
വൻകിട പദ്ധതികൾ നടപ്പാക്കുതിനു മുമ്പ് പരിസ്ഥിതി ആഘാതം വിലയിരുത്തണമെന്നും അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അനുമതി നൽകാവൂവെന്നും വ്യവസ്ഥ ചെയ്യുന്ന 1994 ലെ പരിസ്ഥിതി സംരക്ഷണനിയമം ഭേദഗതി ചെയ്യാനാണ് കരട് തയ്യാറാക്കിയത്. മാർച്ചിൽ പ്രസിദ്ധീകരിച്ച കരടിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. പ്രതിഷേധവും നിർദ്ദേശങ്ങളുമടങ്ങുന്ന ആയിരക്കണക്കിന് ഇ മെയിലുകൾ വനം പരിസ്ഥിതി വകുപ്പിന് കഴിഞ്ഞ ദിവസങ്ങളിൽ അയച്ചുകഴിഞ്ഞു. പ്രൊഫ. ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്ത മലയോരമേഖലകളിലും ഭേദഗതിക്കെയിരെ എതിർപ്പ് ശക്തമാണ്.
# വ്യവസ്ഥകൾ മാറുന്നു
വ്യവസായങ്ങളെ എ, ബി-1, ബി -2 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നിയമത്തിന്റെ ആനുകൂല്യം നൽകുന്നത്. എ, ബി.1 വിഭാഗത്തിൽ വരുന്ന പദ്ധതികൾ തുടങ്ങുന്നതിന് മുമ്പ് പരിസ്ഥിതിക്കും പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടാക്കാവുന്ന നഷ്ടം കണക്കാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഈ തുകയുടെ രണ്ടോ, മൂന്നോ ഇരട്ടി നഷ്ടപരിഹാരമായി നൽകിയാലേ നിർമ്മാണാനുമതി ലഭിക്കൂ.
ബി- 2 വിൽ ഉൾപ്പെടുന്ന റോഡ്, ജലസേചനം തുടങ്ങി നാൽപ്പതിൽപ്പരം പദ്ധതികൾക്ക് പാരിസ്ഥിതികാഘാത വിലയിരുത്തൽ ആവശ്യമില്ല. ജലവൈദ്യുത പദ്ധതികൾക്കും വനമേഖലയിൽകൂടി കടന്നുപോകുന്ന റോഡുകൾക്കും ഇത് ബാധകമാകും. പദ്ധതിയോ നിർമ്മിതിയോ ആരംഭിച്ചശേഷം പരിസ്ഥിതി ആഘാതം പഠിച്ചാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ.
# പ്രാദേശിക ഭാഷകളിൽ അറിയിച്ചില്ല
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മാത്രമാണ് കരട് നിയമം പ്രസിദ്ധീകരിച്ചത്. പ്രാദേശിക ഭാഷകളിൽക്കൂടി ലഭ്യമാക്കി പൊതുജനാഭിപ്രായം തേടണമെന്ന ചെന്നൈ, കർണാടക, ഡൽഹി ഹൈക്കോടതികളുടെ വിധിയും കേന്ദ്രം നടപ്പാക്കിയില്ല.
# സംഘപരിവാറും എതിർപ്പിൽ
ഹിന്ദു ഐക്യവേദിയുടെ പരിസ്ഥിതി വിഭാഗമായ പ്രകൃതി സംരക്ഷണവേദിയും കരടിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഒളിഞ്ഞിരിക്കുന്ന ഭേദഗതി പൂർണമായും പിൻവലിക്കണമെന്ന് ചെയർമാൻ എം.എൻ. ജയചന്ദ്രൻ, സെക്രട്ടറി സുധാകരൻ, കാര്യദർശി ആർ.വി. ബാബു എന്നിവർ ആവശ്യപ്പെട്ടു.
# സി.എസ്.ഐ സഭ പ്രക്ഷോഭത്തിന്
ഭേദഗതിബിൽ പരിസ്ഥിതിയുടെ മരണമണി മുഴക്കുമെന്ന് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ. ഉമ്മൻ പറഞ്ഞു.
കുത്തകകളെ സഹായിക്കുന്നതിനാണ് നിയമഭേദഗതി. രാജ്യമെങ്ങും ഉയരുന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്നു നടിച്ച് ബില്ലുമായി മുന്നോട്ടുപോയാൽ പ്രക്ഷോഭത്തിന് സഭ നേതൃത്വംനൽകും.