കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾ ഹവാല ഇടപാടിലൂടെയാണ് സ്വർണം വാങ്ങാൻ പണം വിദേശത്തെത്തിച്ചതെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു. ഒമ്പതാം പ്രതി ടി.എം. മുഹമ്മദ് അൻവർ, 13 -ാം പ്രതി എം.എ. ഷെമീം, 14 -ാം പ്രതി സി.വി. ജിഫ്സൽ എന്നിവരുടെ ജാമ്യാപേക്ഷയിന്മേലാണിത്
കൂടുതൽ പ്രതികൾ കേസിലുൾപ്പെട്ടിട്ടുണ്ടോയെന്നും ,വലിയ അളവിൽ സ്വർണം ഇന്ത്യയിലേക്ക് കടത്തിയോയെന്നും അറിയാൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, എൻ.ഐ.എ ചോദ്യം ചെയ്തെങ്കിലും, യു.എ.പി.എ പ്രകാരമുള്ള കേസിൽ തങ്ങളെ പ്രതിയാക്കിയിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. വാദം പൂർത്തിയായതിനെത്തുടർന്ന് ജാമ്യാപേക്ഷകൾ വിധി പറയാൻ മാറ്റി.
കസ്റ്റംസ് റിപ്പോർട്ട്
വലിയ കള്ളക്കടത്ത് റാക്കറ്റിലെ കണ്ണികളായ പ്രതികൾക്ക് സ്വർണക്കടത്തിലും ഗൂഢാലോചനയിലും പങ്കുണ്ട്. ദേശസുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ എൻ.ഐ.എയും അന്വേഷിക്കുന്നുണ്ട്. മുഹമ്മദ് അൻവറിനെ ജൂലായ് 16 നാണ് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തിന് പണം നൽകിയെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. എം.എ. ഷമീം ജൂലായ് 18 ന് അറസ്റ്റിലായി. ജിഫ്‌സലിന്റെ ബിസിനസ് പങ്കാളിയാണ് ഇയാൾ. നയതന്ത്ര ചാനൽ വഴി 30 കിലോ സ്വർണം കടത്തിയ സംഭവത്തിലും ഇതിന്റെ ഗൂഢാലോചനയിലും തനിക്കു പങ്കുണ്ടെന്ന് ജിഫ്സലും സമ്മതിച്ചു. അന്വേഷണവുമായി സഹകരിക്കാൻ ജിഫ്സലിന് കോടതി നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.