കൊച്ചി: പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണെങ്കിൽ സംരക്ഷണം ഉറപ്പാക്കുകയാണ് പിണറായി വിജയൻ സർക്കാരിന്റെ നയമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ആരോപിച്ചു. സെക്രട്ടേറിയറ്റിലും സർക്കാർ ഖജനാവിലും വരെ കള്ളന്മാരും കള്ളക്കടത്തുകാരും കടന്നുകയറി.

എറണാകുളത്തെ പ്രളയഫണ്ട് തട്ടിയെടുത്ത സി.പി.എം.നേതാവിന് സംരക്ഷണം നൽകിയത് പാർട്ടിയും സർക്കാരുമാണ്. സ്വർണക്കടത്തു കേസിൽ കുടുങ്ങിയ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കാനാണ് അവസാനനിമിഷംവരെ മുഖ്യമന്തി ശ്രമിച്ചത്. ട്രഷറിയിൽനിന്നു രണ്ടുകോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്ക് പാർട്ടി യൂണിയൻ സംരക്ഷണത്തിന് ശ്രമിക്കുന്നു. ഏറ്റവും സുരക്ഷിതമായ നിക്ഷേപകേന്ദ്രമായ സർക്കാർ ട്രഷറിപോലും സംശയങ്ങൾക്ക് ഇരയായി. പ്രതിപക്ഷ കക്ഷികളിലെ ആരുടെയെങ്കിലും പേരിൽ ചെറിയ പരാതി ഉയർന്നാൽ ഉടൻ അന്വേഷണ ഉത്തരവിടുന്ന മുഖ്യമന്ത്രി അധികാര ദുർവിനിയോഗത്തിലൂടെ സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ധനപാലൻ പറഞ്ഞു.