കൊച്ചി: എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൊല്ലം എസ്.എൻ. കോളേജ് സുവർണജൂബിലി ഫണ്ട് സ്വന്തം പേരിലേക്ക് മാറ്റിയെന്ന കേസിൽ തെളിവു കണ്ടെത്താൻ മൂന്നാമത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനുമായില്ല. പകരം എസ്.എൻ.ട്രസ്റ്റിനു കീഴിലുള്ള കോളേജിന്റെ ഫണ്ട് ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റിയതിന് വിശ്വാസവഞ്ചനയ്ക്കും തിരിമറിക്കും കുറ്റം ചാർത്തിയുള്ള ചാർജ്ഷീറ്രാണ് കൊല്ലം സി.ജെ.എം കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചത്.
ജൂബിലി ഫണ്ടിലെ 55,17,660 രൂപ മുഴുവനായും എസ്.എൻ.ട്രസ്റ്റ് അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെത്തന്നെ കൃത്യമായി എത്തിയെന്നു കണ്ടെത്തിയതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. അന്യായക്കാരനായ പി.സുരേന്ദ്രബാബുവിന്റെ പരാതിയിലെ പ്രധാന ആരോപണം എസ്.എൻ. ട്രസ്റ്റിന്റേതായ ജൂബിലി ആഘോഷ ഫണ്ടിലെ 35 ലക്ഷം രൂപ വെള്ളാപ്പള്ളി പിൻവലിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തെന്നാണ്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം സ്പെഷ്യൽ സെൽ എസ്.പി. ഷാജി സുഗുണനാണ് കുറ്റപത്രം സമർപ്പിച്ചത്.
എസ്.എൻ.ട്രസ്റ്റും കോളേജ് ജൂബിലി ആഘോഷ കമ്മിറ്റിയും പരസ്പരബന്ധമില്ലാത്ത രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്.എൻ.ട്രസ്റ്റിന്റെ ബൈലാ പ്രകാരം ട്രസ്റ്റിന്റെയും ഇതിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ സെക്രട്ടറിക്ക് അധികാരമുണ്ട്. ആഘോഷകമ്മിറ്റി ജനറൽ കൺവീനർ കൂടിയായിരുന്നു വെള്ളാപ്പള്ളി. ക്രൈം ഡിറ്റാച്ച്മെന്റിന്റെ രണ്ട് ഡിവൈ.എസ്.പി.മാർ അന്വേഷിച്ച് തെളിവില്ലെന്നു കണ്ട് റഫർ ചെയ്ത ഈ കേസിന്റെ പേരിൽ 2004 മുതൽ എതിരാളികളും മാദ്ധ്യമങ്ങളും വെള്ളാപ്പള്ളി നടേശനെ വേട്ടയാടുകയായിരുന്നു.
ജൂബിലിഫണ്ട് എസ്.എൻ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു വെള്ളാപ്പള്ളി നടേശന് ഉണ്ടായിരുന്നതെന്നും, ഇത് സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയുമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഡി. പ്രഭ, ബി. പുരുഷോത്തമൻ, ജി. മോഹൻദാസ്, ചെറുന്നിയൂർ ജയപ്രകാശ് എന്നിവരുടെ മൊഴികളും ഇതോടൊപ്പമുണ്ട്. വാദിയുടേതുൾപ്പെടെ നേരത്തേയുള്ള മൊഴികളിൽ നിന്ന് കടകവിരുദ്ധമായി ജൂബിലി അക്കൗണ്ട് ട്രസ്റ്റ് അക്കൗണ്ടിലേക്കു മാറ്റിയതും ജൂബിലി സ്മാരകം നിർമ്മിക്കുമെന്ന വാഗ്ദാനം പാലിക്കാതിരുന്നതും വിശ്വാസവഞ്ചനയാണെന്ന് ഇതിൽ ആരോപിക്കുന്നു. ഇരുപതോളം പേജുകൾ വരുന്ന ഓരോ മൊഴികളുടെയും ഗണ്യമായ ഭാഗം വള്ളിപുള്ളി വ്യത്യാസമില്ലാതെ (കോപ്പിപേസ്റ്റ്) ഒന്നുതന്നെയാണ്.
കുറ്റപത്രത്തിൽ പറയുന്നത്
• കോളേജ് ജൂബിലി ആഘോഷത്തിന്റെ സ്മാരകമായി മിച്ച ഫണ്ട് ഉപയോഗിച്ച് ലൈബ്രറി കോംപ്ളക്സ് നിർമ്മിക്കണമെന്ന ജൂബിലി കമ്മിറ്റിയുടെ തീരുമാനം പാലിക്കാതെ വെള്ളാപ്പള്ളി നടേശൻ വിശ്വാസവഞ്ചന കാട്ടി.
• ജൂബിലി ആഘോഷാനന്തരം ബന്ധപ്പെട്ട കണക്കുകളും മറ്റു രേഖകളും നശിപ്പിച്ചു.
• 16.12.97ൽ ജൂബിലി അക്കൗണ്ടിൽ നിന്ന് പിൻവലിച്ച 25 ലക്ഷം രൂപ കൃത്യം ആറുമാസം കഴിഞ്ഞ് പലിശയെന്ന് കണക്കാക്കാവുന്ന തുകസഹിതം 16.6.98ന് തിരികെ ബാങ്കിൽ നിക്ഷേപിച്ചു. പിന്നീട് തുക അക്കൗണ്ട് ട്രാൻസ്ഫറിലൂടെ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റി.
• കേസിന്റെ പശ്ചാത്തലം
എസ്.എൻ. ട്രസ്റ്റിനു കീഴിലുള്ള കൊല്ലം എസ്.എൻ. കോളേജിന്റെ സുവർണജൂബിലി ആഘോഷം 1997- 98 കാലത്താണ് നടന്നത്. ആഘോഷ കമ്മിറ്റിയുടെ അക്കൗണ്ടിൽ ശേഷിച്ചത് 55,17,660 രൂപയാണ്. തുക പലിശസഹിതം 60,41,997 രൂപയായി എസ്.എൻ.ട്രസ്റ്റ് അക്കൗണ്ടിൽ കിടക്കുമ്പോഴാണ് ഫണ്ട് തട്ടിയെടുത്തതായി ആരോപിച്ച് അഞ്ചു വർഷത്തിനുശേഷം 2004 സെപ്തംബറിൽ ജൂബിലി കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ട്രസ്റ്റ് ബോർഡ് അംഗവുമായിരുന്ന പി. സുരേന്ദ്രബാബു കോടതിയെ സമീപിച്ചത്.
ജൂബിലി അക്കൗണ്ടിൽനിന്ന് 35 ലക്ഷംരൂപ പിൻവലിച്ച് കൈവശംവച്ചെന്നും, ഇതിൽ പത്തുലക്ഷം രൂപ ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിച്ച് പിന്നീട് പിൻവലിച്ചെന്നും, 35 ലക്ഷവും പിന്നെ അക്കൗണ്ട് ചെയ്യപ്പെട്ടില്ലെന്നും ആയിരുന്നു പി. സുരേന്ദ്രബാബു സമർപ്പിച്ച അന്യായത്തിലെ ആരോപണം.