നെടുമ്പാശേരി: കൊവിഡ് പ്രതിസന്ധിമൂലം വ്യോമഗതാഗതം നിയന്ത്രിക്കപ്പെട്ടതിനെ തുടർന്ന് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കൊച്ചി വിമാനത്താവളം (സിയാൽ) 72 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തി. 19 കോടി രൂപയാണ് വരുമാനം. പ്രതിദിനം 242 സർവീസുകൾ ഉണ്ടായിരുന്ന സിയാലിൽ ഇപ്പോഴുള്ളത് 36 എണ്ണം മാത്രമാണ്. പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 30,000ൽ നിന്ന് 2,300ന് താഴെയെത്തി.
കഴിഞ്ഞ സാമ്പത്തികവർഷം (2019-20) ലാഭം മുൻവർഷത്തെ 166.91 കോടി രൂപയിൽ നിന്ന് 204.05 കോടി രൂപയായി ഉയർന്നിരുന്നു. 22.25 ശതമാനമാണ് വർദ്ധന. കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെയുള്ള ഉപസ്ഥാപനങ്ങളെ കൂടി പരിഗണിക്കുമ്പോൾ ലാഭം 226.23 കോടി രൂപയും മൊത്തം വരുമാനം 810.08 കോടി രൂപയുമാണ്.
ഡയറക്‌ടർ ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. സിയാൽ ഡയറക്‌ടർമാരായ മന്ത്രി ഡോ. തോമസ് ഐസക്, മന്ത്രി വി.എസ്. സുനിൽകുമാർ, കെ. റോയ്‌പോൾ, എ.കെ. രമണി, എം.എ. യൂസഫലി, സി.വി. ജേക്കബ്. എൻ.വി. ജോർജ്, ഇ.എം. ബാബു, മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.
27% ലാഭവിഹിതം
കഴിഞ്ഞവർഷത്തെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഓഹരിയുടമകൾക്ക് 27 ശതമാനം ലാഭവിഹിതം ഡയറക്‌ടർ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്. സെപ്‌തംബർ അഞ്ചിലെ വാർഷിക പൊതുയോഗം അംഗീകരിച്ചാൽ 19,500ഓളം നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കും. 34 കോടിയോളം രൂപ സംസ്ഥാന സർക്കാരിനും ലഭിക്കും. 2003-04 മുതൽ ലാഭവിഹിതം നൽകുന്നുണ്ട്. ഇത്തവണത്തെ ശുപാർശ അംഗീകരിക്കപ്പെട്ടാൽ മൊത്തം ലാഭവിഹിതം 282 ശതമാനമാകും.
₹129.30 കോടി
വെള്ളപ്പൊക്ക നിവാരണ പദ്ധതികൾക്കായി 129.30 കോടി രൂപ സിയാൽ ചെലവിട്ടു. കൊവിഡ് പ്രതിസന്ധി അകലുന്നതോടെ മുൻവർഷങ്ങളിലെ പ്രവർത്തനമികവ് ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.