കൊച്ചി: കൊച്ചി നഗരത്തിലെ ഏറ്റവും വീതിയുള്ള കാനകൾ കാണണമെങ്കിൽ എറണാകുളം ബാനർജി റോഡിലേക്ക് വരണം. ജനജീവന് ഭീഷണിയായി നാലു മാസത്തിലേറെയായി ഈ കാനയുടെ പല ഭാഗവും തുറന്നു കിടക്കുകയാണ്.പ്രൊവിഡൻസ് റോഡിലെ എ.ടി.എമ്മിന് തൊട്ടു മുന്നിലുള്ള ഭാഗത്തും സ്ളാബില്ല. കണ്ണൊന്നു തെറ്റിയാൽ കാനയിൽ വീഴും. കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയിൽ നടപ്പാതയ്ക്ക് മീതെ കൂടി റോഡ് നിറഞ്ഞൊഴുകിയപ്പോൾ ആരെങ്കിലും കാനയിൽ വീഴുമോയെന്ന ഭീതിയിലായിരുന്നു സമീപവാസികൾ.സ്ളാബില്ലാത്ത ഭാഗത്ത് അപകട മുന്നറിയിപ്പ് നൽകാത്തതിലും ജനങ്ങൾക്ക് അമർഷമുണ്ട്.
പഴിചാരൽ മാത്രം
കച്ചേരിപ്പടി മാതാ ഫാർമസി ജംഗ്ഷനിൽ നിന്ന് ഒരു കിലോ മീറ്ററോളം ഭാഗത്തെ റോഡിന്റെയും കാനയുടെയും നവീകരണവും സൗന്ദര്യവത്കരണവും ഏറ്റെടുത്തിരിക്കുന്നത് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡാണ് (സി.എസ്.എം.എൽ). എന്നാൽ സി.എസ്.എം.എല്ലിന്റെ പണി തുടങ്ങും മുമ്പ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷൻ ജീവനക്കാർ അബദ്ധവശാൽ ബാനർജി റോഡിലെ സ്ളാബുകൾ പൊളിച്ചതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം വഴിവച്ചത്. പൊട്ടി പൊളിഞ്ഞ പഴയ സ്ളാബ് ഉപയോഗശൂന്യമായി. ലോക്ക് ഡൗൺ കൂടി വന്നതോടെ എല്ലാ ഏജൻസികളും കാനയെ സൗകര്യപൂർവം മറന്നു
പരാതി നൽകി, ഫലമുണ്ടായില്ല
പ്രൊവിഡൻസ് റോഡിനു സമീപമുള്ള കാനകൾ മരണ കിണറായെന്ന മുന്നറിയിപ്പുമായി കോർപ്പറേഷൻ അധികൃതർക്ക് പലവട്ടം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
ഫോജി ജോൺ ,
ആം ആദ്മി പാർട്ടി ഭാരവാഹി
എത്രയും വേഗം മൂടി
ബാനർജി റോഡിലെ കാനയിലെ ചെളി നീക്കി ഒഴുക്ക് സുഗമമാക്കിയിട്ടുണ്ട്. ഇവിടേക്ക് ആവശ്യമായ സ്ളാബുകൾ കളമശേരിയിലെ യൂണിറ്റിലാണ് നിർമ്മിക്കുന്നത്. കാനയുടെ ഉയരം ഏകീകരിച്ച് പുതിയ സ്ളാബിടാനാണ് തീരുമാനം. നടപ്പാത നവീകരണത്തിന് മുന്നോടിയായി മുകളിലൂടെ കടന്നു പോകുന്ന ഇലക്‌ട്രിക് ലൈനുകളെല്ലാം ഭൂമിക്കടിയിലേക്ക് മാറ്റി സ്ഥാപിക്കും.എബ്രഹാം മാടമാക്കൽ റോഡിൽ ഇത്തരത്തിൽ കേബിളിടിൽ ജോലികൾ ആരംഭിച്ചുകഴിഞ്ഞു.ഹൈക്കോടതി ഭാഗത്തു നിന്ന് ബാനർജി റോഡിലേക്കുള്ള ജോലികളും ഇതോടൊപ്പം പുരോഗമിക്കുന്നു. കാനകൾ എത്രയും വേഗത്തിൽ സ്ളാബിട്ടു മൂടുമെന്ന് സി.എസ്.എം.എൽ വക്താവ് പറഞ്ഞു.
തൊഴിലാളികളുടെ ദൗർലഭ്യം
തിരിച്ചടിയായി
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 150 തൊഴിലാളികൾ പണിയെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 25 പേരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലെടുക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. നിലവിലുള്ള തൊഴിലാളികളിൽ അധികവും ആലപ്പുഴ ജില്ലക്കാരാണ് . പല പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായതിനാൽ ഇവർക്ക് എത്താൻ കഴിയാത്തത് സി.എസ്.എം.എല്ലിന്റെ എല്ലാ ജോലികളെയും ബാധിച്ചു.