വൈപ്പിൻ: കൊവിഡ് ബാധയില്ലെങ്കിലും നിയന്ത്രണങ്ങളുടെ പേരിൽ കാളമുക്ക് ഗോശ്രീപുരം ഹാർബറും ഗോശ്രീ കവലയിലെ മത്സ്യസ്റ്റാളുകളിലും അടച്ചുപൂട്ടിയിട്ട് ഒരു മാസം പിന്നിടുന്നു. ഇതോടെ ഈ മേഖലയിൽ തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നവർ ഒരു മാസത്തോളമായി തൊഴിൽ രഹിതരായി വീടുകളിൽ കഴിയുകയാണ്. ഇന്നോ നാളെയോ തുറക്കുമെന്ന് പ്രതീക്ഷയോടെ ഓരോ ദിനവും തള്ളിക്കുകയാണ് ഈ തൊഴിലാളികൾ. എന്നാൽ നാളിതുവരെയായി ഹാർബറും മത്സ്യസ്റ്റാളുകളും തുറക്കാൻ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്തും പൊലീസും ഫിഷറീസ് അധികൃതരും വസ്തുതകൾ ജില്ലാഭരണകൂടത്തെ ധരിപ്പിച്ച് ഹാർബറും മത്സ്യസ്റ്റാളുകളെങ്കിലും തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് സ്റ്റാളുകളിലെ തൊഴിലാളികൾ ആവശ്യപ്പെടുന്നു.
അടച്ചിട്ട് ഒരു മാസം
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം പൊലീസും പഞ്ചായത്തും ചേർന്ന് കഴിഞ്ഞ മാസം 10നാണ് ഹാർബറും ഗോശ്രീ കവലയിലെ 15 ൽ പരം സ്റ്റാളുകളും അടച്ചുപൂട്ടിച്ചത്. ഈ മേഖലയിലോ , വാർഡിലോ ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. മറിച്ച് ഹാർബറിൽ ചെല്ലാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ള വള്ളങ്ങൾ അടുക്കുന്നുവെന്ന് പറഞ്ഞായിരുന്നു അധികാരികളുടെ നടപടി.
തൊഴിലില്ലാതായത് 300ൽ അധികം പേർക്ക്
ഹാർബറിലെ തരകൻമാർ , മത്സ്യകച്ചവടക്കാർ, അവരുടെ തൊഴിലാളികൾ ,ഹാർബറുകളിലെ മത്സ്യ കയറ്റിറക്കുകാർ, പാക്കിംഗുകാർ സ്റ്റാളുകളുകളിലെ തൊഴിലാളികൾ , വാഹനങ്ങളിലെ ഡ്രൈവർമാർ എന്നിവരുൾപ്പെടെ 300ൽ അധികം പേർക്കാണ് തൊഴിലില്ലാതായത്. ഒപ്പം ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും പട്ടിണിയിലായി. എല്ലാത്തിലുമുപരി ഇവിടെ സ്റ്റാളുകളിലും ഹാർബറുകളിലും നിത്യേന തൊഴിലെടുത്ത് ഉപജീവനം കഴിയുന്നവർക്കാണ് ഇത് കൂടുതൽ തിരിച്ചടിയായത്.