dinish

കൊച്ചി: രണ്ടരവയസിൽ അബദ്ധത്തിൽ റോഡിലേക്ക് വീണ ദിനിഷിന്റെ ഇടതുകൈ ലോറി കയറി ചതഞ്ഞരഞ്ഞു. വേദനകൊണ്ടു നെഞ്ചുപിന്നിയ ആ നിമിഷവും ബോധം തെളിഞ്ഞപ്പോൾ തുടങ്ങിയ തീരാവേദനയും ആ ബാലനു പകർന്നത് വാശിയോടെ ജീവിതത്തെ നേരിടാനുള്ള ആത്മധൈര്യം.

ബോഡി ബിൽഡിംഗ് മത്സരമായ മിസ്റ്റർ ഇന്ത്യ ഫിസിക്കലി ചലഞ്ച്‌ഡ് വിഭാഗത്തിൽ ആറാം സ്ഥാനം നേടിയ താരമാണ് ദിനിഷ് ദാമോദരൻ എന്ന 21കാരൻ.

ഇരുകൈയും സ്വാധീനമുള്ളവർക്ക് കഴിയാത്ത നേട്ടമാണ് ദിനിഷ് കൊയ്യുന്നത്. 2018ൽ മിസ്റ്റർ എറണാകുളം ഫിസിക്കലി ചലഞ്ച്‌ഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദിനിഷ് അടുത്ത വർഷം ജനറൽ വിഭാത്തിലും മിസ്റ്റർ എറണാകുളാമായി. വളഞ്ഞുമുരടിച്ച ഇടംകൈ ഒന്നിനും തടസമായില്ല ജ്യേഷ്ഠൻ ദനിഷ് ജിമ്മിൽ പോകുന്നതിന് കളിയാക്കിയതിന് കിട്ടിയ പരിഹാസമാണ് ദിനിഷിനെ ഈ മേഖലയിലെത്തിച്ചത്. 'നിനക്ക് ഇത് ചെയ്യാൻ പറ്റുമോ' എന്നായിരുന്നു ചോദ്യം. അപ്പോൾ തോന്നിയ വാശിയാണ് പ്ലസ് വൺ പഠനത്തിനൊപ്പം പാലാരിവട്ടത്തെ പൾസ് ഫിറ്റ്‌നസ് ജിമ്മിൽ ദിനിഷിനെ എത്തിച്ചത്.

ഇടംകൈക്കൊണ്ട് വെയ്റ്റ് എടുക്കുന്നതിൽ ആദ്യം പ്രയാസം നേരിട്ടെങ്കിലും ട്രെയ്‌നർ ബിജോ ജോയ് പ്രത്യേകം പരിശീലനം നൽകി. 7 മാസം പിന്നിട്ടപ്പോഴേക്കും 2015-16 ൽ ജില്ലാതലത്തിൽ മിസ്റ്റർ തൃശൂരിൽ ഫിസിക്കലി ചലഞ്ച്‌ഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. പിന്നീടങ്ങോട്ട് കോളേജ് തലത്തിലും ജില്ലാ, സംസ്ഥാന, ദേശീയ തലത്തിലും നേട്ടങ്ങൾ വാരിക്കൂട്ടി. ആന്ധ്രപ്രദേശിൽ നടന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ 80 കിലോ വിഭാഗത്തിലാണ് ആറാം സ്ഥാനം സ്വന്തമാക്കിയത്. എറണാകുളം വെണ്ണല സ്വദേശിയായ ദിനിഷ് പൂത്തോട്ട എസ്.എസ് കോളേജിലെ അവസാന വർഷ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥിയാണ്. അച്ഛൻ ദമോദരനും അമ്മ ഇന്ദുവും ജ്യേഷ്ഠനും ദിനിഷിന് പൂർണപിന്തുണ നൽകുന്നു.

 വിജയതിളക്കം

2017-18
മിസ്റ്റർ ഇന്ത്യ (6-ാം സ്ഥാനം),
മിസ്റ്റർ കേരള (2-ാം സ്ഥാനം),
മിസ്റ്റർ എറണാകുളം (1-ാംസ്ഥാനം),

2019-20
മിസ്റ്റർ ഇന്ത്യ (6-ാം സ്ഥാനം)
മിസ്റ്റർ കേരള (1-ാംസ്ഥാനം),


ഇരുവിഭാഗത്തിലും

മിസ്റ്റർ എറണാകുളം (ഒന്നാം സ്ഥാനം)

'കൈ പ്രശ്നമായതിനാൽ എല്ലാം ചെയ്യാൻ മടിയായിരുന്നു. ജിമ്മിൽപോയി മത്സരങ്ങളിൽ പങ്കെടുത്തതോടെ ആത്മവിശ്വാസം വന്നുതുടങ്ങി. ഫിറ്റ്നസ് ട്രെയ്‌നർ കോഴ്സ് ചെയ്യുക എന്നതാണ് അടുത്ത ലക്ഷ്യം".

-ദിനിഷ് ദാമോദരൻ