shop
ആലുവ നഗരത്തിൽ കർഫ്യു പിൻവലിച്ചിട്ടും കച്ചവടമില്ലാത്തതിനാൽ തുറക്കാത്ത കച്ചവട സ്ഥാപനങ്ങൾ

ആലുവ: മൂന്നാഴ്ച്ചയിലേറെ നീണ്ടുനിന്ന സമ്പൂർണ ലോക്ക് ഡൗണിന് ശേഷം നഗരത്തിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്നെങ്കിലും കച്ചവടമില്ലാത്തത് വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കുന്നു. ഇതേതുടർന്ന് രണ്ട് ദിവസം തുറന്നുവച്ച കടകൾ വീണ്ടും അടക്കുന്ന സാഹചര്യമാണ്.

വൈദ്യുതി ചാർജും, ജീവനക്കാരുടെ ശമ്പളവുമെല്ലാം നഷ്ടമാകുകയാണ്. കൊവിഡ് സുരക്ഷയുടെ ഭാഗമായി സാനിറ്ററൈസറും രജിസ്റ്ററുമെല്ലാം കരുതന്നതിനും വേറെ പണം കണ്ടെത്തണം.

പല സ്ഥാപനങ്ങളും ജീവനക്കാരെ കുറച്ചെങ്കിലും അതുകൊണ്ട് മാത്രം പിടിച്ച് നിൽക്കാനാകില്ല. നഗരത്തിലേക്ക് ആളുകൾ വരാത്തതും വരുന്നവരുടെ കൈവശം പണമില്ലാത്തതുമാണ് പ്രശ്നം. വ്യാപാരികളാണെങ്കിൽ ബാങ്കുകളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും മാത്രമല്ല, വട്ടിപരിശക്കാരിൽ നിന്നും വരെ പണം വാങ്ങിയിട്ടുണ്ട്.

സ്ഥാപനങ്ങൾ തുറന്നെങ്കിലും കച്ചവടമില്ല

കൊവിഡ് വ്യാപനത്തെ തുടർന്നാണ് ആലുവ നഗരസഭയും സമീപ പഞ്ചായത്തുകളും മൂന്നാഴ്ച്ചയിലേറെ അടച്ചിട്ടത്. ഒരാഴ്ച്ചക്കിടിയിൽ രണ്ട് ഘട്ടങ്ങളിലായി ആലുവ പച്ചക്കറി മാർക്കറ്റ് ഒഴികെ നഗരത്തിലെ എല്ലാ സ്ഥലവും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിതിനെ തുടർന്ന് കച്ചവട സ്ഥാപനങ്ങൾ തുറന്നെങ്കിലും കച്ചവടമില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ മാത്രമാണ് ആളുകളെത്തുന്നത്. ജ്വല്ലറികൾ, വസ്ത്രവ്യാപാരം, ചെരിപ്പ് കടകൾ, സ്റ്റുഡിയോ, സ്റ്റേഷനറി, ലേഡീസ് സ്റ്റോഴ്സ്, ഹോം അപ്ളയൻസസ്, ഇലക്ട്രോണിക്സ് കടകൾ തുടങ്ങി ഭൂരിഭാഗം സ്ഥപനങ്ങളും കച്ചവടമില്ലാതെ പ്രതിസന്ധിയിലാണ്.

ജനറൽ മാർക്കറ്റ് തുറക്കാൻ അനുവദിക്കണം : മർച്ചന്റ്‌സ് അസോ

ആലുവ പച്ചക്കറി - മത്സ്യ മാർക്കറ്റ് ഉപാധികളോടെ തുറക്കാൻ അനുവദിക്കണമെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മാർക്കറ്റ് ജാഗ്രത സമിതിയിലെ വ്യപാരി പ്രതിനിധികളെയും അസോസിയേൽൻ തീരുമാനിച്ചു. ജില്ലാ ഭരണ കൂടത്തിന്റെ നിർദേശം പാലിച്ച് സംസ്ഥാനത്തെ മറ്റ് മാർക്കറ്റുകളെ പോലെ ആലുവ മാർക്കറ്റും പ്രവർത്തിക്കാൻ അനുവധിക്കണമെന്നാണ് ആവശ്യം. പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.