മൂവാറ്റപുഴ: മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളപ്പൊക്കത്തിന് ശമനമായി. നഗരവും നാട്ടിൻപുറവും സാധാരണ നിലയിലേക്കാകുന്നു .പായിപ്ര പഞ്ചായത്തിലെ കൂൾമാരി , തെക്കും പുറം ഭാഗങ്ങളിലെ വെള്ളം ഇറങ്ങി. ഇതോടെ വി.എം. പബ്ലിക് സ്കൂളിലെ ക്യാമ്പിലുള്ളവർ വീടുകളിലേക്ക് മടങ്ങി . വെള്ളം ഇറക്കമാണെങ്കിലും മറ്റുസ്ഥലങ്ങളിലെ ക്യാമ്പുകൾ തുടരുകയാണ്. മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ന്നതിനാൽ ചെറിയ തോതിലുള്ള ആശങ്ക നിലനിൽക്കുകയാണ്. വെള്ളം കയറി തുടങ്ങിയപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാറ്റിയ ചരക്കുകൾ തിരിച്ച് കടകളിലേക്ക് എത്തിക്കുവാൻ തുടങ്ങി . വെള്ളം കയറാൻ തുടങ്ങിയതോടെ പ്രമുഖ വ്യാപാരകേന്ദ്രങ്ങൾ സ്ഥിതി ചെയ്യന്ന കാവുംങ്കര മേഖലയിലെ വ്യാപാരികളും ആശങ്കയിലായിരുന്നു. വെള്ളം ഇറങ്ങിയതോടെ ഇവരും ആശ്വാസത്തിലായി. വീടുകൾ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കിയ ശേഷമാണ് താമസിക്കുവാൻ എത്തുകയൊള്ളുവെന്നാണ് നഗരവാസികൾ പറയുന്നത്. ഇതിനാൽ തന്നെ കുറച്ച് ക്യാമ്പുകൾ രണ്ടു ദിവസം കൂടി തുടരാനാണ് സാദ്ധ്യത.മലയോരമേഖലയിലെ മഴക്കുകൂടി ശമനമായാൽ മൂവാറ്രുപുഴ മേഖല സാധാരണ നിലയാലാകുമെന്ന പ്രതീക്ഷയിലാണ്.
വീട് വൃത്തിയാക്കാൻ ആളെ കിട്ടുന്നില്ല
വെള്ളപ്പൊക്കത്തെ തുടർന്ന് 605 കുടുംബങ്ങളാണ് ബന്ധുവീടുകളിലും ക്യാമ്പുകളിലേക്കുമായി മാറിയത്. ഇവരിൽ ഭൂരിപക്ഷം പേരും വീടുകളിലെത്തി വീടു വൃത്തിയാക്കി തുടങ്ങി. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി സംസ്ഥാനം വിട്ടതോടെ വീട് കഴുകി വൃത്തിയാക്കൽ പോലുള്ള ജോലിക്ക് ആളെ ലഭിക്കാതെ ബുദ്ധിമുട്ടുന്നവരും കുറവല്ല.