കൊച്ചി: കേരളത്തിലെ കരിമീൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനമായ സിബ. അനുകൂല ഘടകങ്ങളുണ്ടെങ്കിലും കേരളത്തിലെ കരിമീൻ ഉത്പാദനം വളരെ പിന്നിലാണെന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (സിബ) ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ വർഷത്തിൽ 10,000 ടണ്ണാണ് ആവശ്യം. ഉത്പാദനം 2,000 ടൺ മാത്രമാണ് കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നതെന്നാണ് സിബയുടെ കണ്ടെത്തൽ. ആവശ്യക്കാരുള്ളതും കിലോയ്ക്ക് ശരാശരി 500 രൂപ വരെ വിപണി മൂല്യവുമുള്ള കരിമീൻ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതിലൂടെ കർഷകർക്കും സംസ്ഥാനത്തിനും സാമ്പത്തികനേട്ടം കൊയ്യാം. മറ്റ് സംസ്ഥാനങ്ങളെക്കാൾ ഓരുജലാശയങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് കേരളം. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പദ്ധതികൾ നടപ്പാക്കുമെന്ന് സിബ ഡയറക്ടർ ഡോ.കെ.കെ. വിജയൻ കേരളത്തിലെ കരിമീൻ കർഷകർക്കായി സംഘടിപ്പിച്ച വെബിനാറിൽ പറഞ്ഞു.
നേരിടുന്ന പ്രശ്നങ്ങൾ
മതിയായ അളവിൽ ശാസ്ത്രീയ ഹാച്ചറി സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കർഷകർക്ക് വേണ്ട സമയത്ത് ആവശ്യമായ അളവിൽ വിത്തുകൾ ലഭ്യമാകുന്നില്ല
കർഷകരുടെ ഏകോപനമില്ലായ്മ
ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കാത്തത്
വേണം സെലക്ടീവ് ബ്രീഡിംഗ് സാങ്കേതികവിദ്യ
കരിമീനിന് 200 ഗ്രാമെങ്കിലും തൂക്കം ലഭിക്കാൻ ഒരു വർഷംവരെ കാത്തിരിക്കണം. വളർച്ചാനിരക്ക് കൂട്ടുന്നതിന് കരിമീനിന്റെ സെലക്ടീവ് ബ്രീഡിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കണം. ജനിതകഘടന മെച്ചപ്പെടുത്തി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ചുരുങ്ങിയത് അഞ്ച് വർഷവും അഞ്ചുമുതൽ പത്തുകോടി രൂപ വരെ ചെലവും ആവശ്യമാണ്. സർക്കാർ മേൽനോട്ടത്തിൽ സിബ, കുഫോസ്, ഫിഷറീസ് വകുപ്പ്, കർഷകർ എന്നിവരുടെ ഏകോപനം വേണം. സെലക്ടീവ് ബ്രീഡിംഗ് വഴി വികസിപ്പിച്ചെടുത്ത വേഗത്തിൽ വളരുന്ന ഗിഫ്റ്റ് തിലാപ്പിയ കേരളത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയതോടെയാണ് കർഷകർക്ക് ലാഭകരമായത്. ഇതേ മാതൃക കരിമീനിനും സ്വീകരിക്കാം.
"വിത്തുൽപാദനത്തിന് ഹാച്ചറികളും തീറ്റ നിർമാണ കേന്ദ്രങ്ങളും ഒരുക്കൽ, കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കൽ തുടങ്ങിയ പദ്ധതികൾക്ക് സംസ്ഥാനത്തിന് ശാസ്ത്രസാങ്കേതിക സഹായങ്ങൾ നൽകാൻ തയ്യാറാണ്. "
ഡോ.കെ.കെ. വിജയൻ
സിബ ഡയറക്ടർ