ആലുവ: 2018ലെ മഹാപ്രളയത്തിൽ കടുങ്ങല്ലൂരിന്റെ രക്ഷകരായെത്തിയ ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾ കൊവിഡും കടലാക്രമണവും നേരിടുമ്പോൾ ഇവർക്ക് സ്‌നേഹ സ്വാന്തനമായി കിഴക്കെ കടുങ്ങല്ലൂരിലെ യുവജന കൂട്ടായ്മ രംഗത്ത്. മഹാപ്രളയം ഏറെ നാശംവിതച്ച കിഴക്കെ കടുങ്ങല്ലൂരിൽ വീടുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതിരുന്നപ്പോൾ മത്സ്യത്തൊഴിലാളികളാണ് രക്ഷകരായത്.
അന്ന് രക്ഷകരായവരുടെ ജീവിതം ഇന്ന് ദുരിതപൂർണമാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് കടുങ്ങല്ലൂർ സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. ചെല്ലാനം സൗത്ത് പള്ളി വികാരി ഫാ. അലക്‌സിന് കൈമാറി. ക്ലബ് രക്ഷാധികാരി ശ്രീകുമാർ മുല്ലേപ്പിള്ളി, കെ.സി. വിനോദ്, രിതേഷ് ആർ. സുനിൽകുമാർ, എസ്. ഡിനിൽ, അച്ചുട്ടി, ശ്രീജിത്ത്, അമ്പാടി, പ്രമോദ്, പ്രണവ് എന്നിവർ സംബന്ധിച്ചു.