കൊച്ചി: കൊച്ചി കോർപ്പറേഷനിലെ കരാറുകാരുടെ സമരം ഒത്തുതീർപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ മേയറോട് ആവശ്യപ്പെട്ടു. 35 മാസത്തെ കൂടിശിക100 കോടി കടന്നതോടെയാണ് തിങ്കളാഴ്ച മുതൽ കരാറുകാർ അനിശ്ചിത കാല സമരം ആരംഭിച്ചത് .ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആകെ സ്തംഭിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട പ്രവർത്തികളിൽ പലതും പാതിവഴിയിൽ നിലച്ചു.
നഗര വികസനത്തിന് പ്രധാന പങ്കു വഹിക്കുന്ന കാരാറുകാരെ, അവർ പൂർത്തിയാക്കിയ പ്രവർത്തികളുടെ ബിൽ തുക കൊടുക്കാതെ സമരത്തിലേക്ക് തള്ളിവിട്ടത് ശരിയായ സമീപനമല്ലെന്ന് പ്രതിപക്ഷം പറഞ്ഞു. എറ്റവും കൂടുതൽ തനതു വരുമാനം കണ്ടെത്താൻ സാധ്യതയുള്ള കൊച്ചി നഗരസഭ സാമ്പത്തിക ക്ലേശം മൂലം നട്ടം തിരിയുകയാണ്. നികുതി കുടിശിക പിരിച്ചെടുക്കുന്ന കാര്യത്തിൽ യാതൊരു വിധ ശുഷ്‌കാന്തിയും ഭരണ നേതൃത്വം കാണിക്കുന്നില്ല. ഒരോവർഷവും ബഡ്ജറ്റിലൂടെ പ്രഖ്യാപിക്കുന്ന ഡിവിഷൻ ഫണ്ടിന് പുറമേ
യാതൊരു തത്വ ദീക്ഷയുമില്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ട കൗൺസിലർമാർക്ക് ജനറൽ ഫണ്ടിൽ നിന്ന് തുക വാരിക്കോരി നൽകുന്നതും സാമ്പത്തിക ബാദ്ധ്യതയ്ക്ക് വഴിവച്ചു. വരവ് അറിയാതെ ചെലവുചെയ്യൂന്ന സാമ്പത്തിക അച്ചടക്കം പാലിക്കാത്തവരായി ഭരണനേതൃത്വം മാറിയതാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരാറുകാരെ ശിക്ഷിക്കുന്നത് ശരിയല്ല.സമരം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, എൽ ഡി എഫ് പാർലിമെന്ററി പാർട്ടി സെക്രട്ടറി വി.പി.ചന്ദ്രൻ എന്നിവർ അവശ്യപ്പെട്ടു.