തോപ്പുംപടി: രണ്ട് പതിറ്റാണ്ടായി രാമേശ്വരം-കൽവത്തി കാന നവീകരിക്കാൻ ചെലവഴിച്ചത് 20 കോടി രൂപ. എന്നാൽ ഇക്കാലയളവിൽ കാനയുടെ വീതിയും ആഴവും കുറയുകയല്ലാതെ ശുചീകരണവും വെള്ളക്കെട്ട് ഒഴിവാക്കലും എങ്ങുമെത്തിയില്ല.1905ലാണ് കാന നിർമ്മിക്കുന്നത്. അക്കാലത്ത് കാനയിലൂടെ ചരക്ക് വള്ളങ്ങളും ചെറുവഞ്ചികളും സഞ്ചരിച്ചിരുന്നു.13 മീറ്റർ ആഴമുള്ള കനാൽ ഇപ്പോൾ ചെളിനിറഞ്ഞ് വെറും മൂന്ന് മീറ്ററായി ചുരുങ്ങി. കൈവരികളിൽ വ്യാപകമായ കൈയേറ്റവും നടന്നു.
അതേസമയം, മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ രാമേശ്വരം-കൽവത്തി കാന ശുചീകരിച്ചതിൽ കോടികളുടെ അഴിമതി നടത്തിയതായി ആരോപണം പുറത്തുവരികയാണ്. കൊച്ചി റസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയാണ് നഗരസഭയ്ക്ക് എതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നഗരസഭ അധികൃതർ 2020 ഫെബ്രുവരിയിലാണ് കനാൽ ശുചീകരണം പൂർത്തിയാക്കിയതായി റിപ്പോർട്ട് നൽകിയത്. എന്നാൽ അസോസിയേഷൻ നൽകിയ ഹർജിയിൽ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകിയ റിപ്പോർട്ടിൽ 3.5 കി.മി ശുചീകരിച്ചിട്ടില്ലെന്നും ഇതിനായി 35 ലക്ഷം രൂപ മതിയെന്നുമാണ് ചൂണ്ടിക്കാട്ടുള്ളതെന്ന് അസോസിയേഷൻ സെക്രട്ടറി എച്ച്. സദാനന്ദ പൈ പറഞ്ഞു.
കനാൽ ശുചീകരിച്ച് കമ്പിവേലി കെട്ടുന്നതിന് മുൻ എം.എൽ.എ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. 2018ൽ 2.73 കോടി രൂപയും 2019 ൽ 2.58 കോടി രൂപയും അനുവദിച്ചു. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ടിനും കൊതുക് നിവാരണത്തിനും ശാശ്വതപരിഹാരമായി നിർദേശിക്കുന്ന പ്രധാന കനാലിൽ ഒന്നാണിത്. കായലും കടലുമായി ബന്ധിപ്പിക്കുന്ന 5.8 കി.മീ നീളമുള്ള കനാൽ ശുചീകരണത്തിന് ഒട്ടേറെ നിവേദനങ്ങളും സമരങ്ങളും നടത്തിയിരുന്നു.