കൊച്ചി: എറണാകുളം കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റ് കെട്ടിടത്തിന്റെ ശുചിത്വ നിലവാരം പരിതാപകരമാണെന്ന് കൊച്ചി നഗരസഭ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പൊതുജനങ്ങളും ജീവനക്കാരും ആശ്രയിക്കുന്ന ടോയ്‌ലെറ്റിന്റെ തറകൾ പൊട്ടിപൊളിഞ്ഞതും പൈപ്പുകൾ പ്രവർത്തനരഹിതവുമാണ്.
വ്യത്തിഹീനമായ ചുമരുകളും വാതിലുകളുമാണ് മുറികൾക്കുള്ളത്. മുറികളുടെ തകരാറുകൾ പരിഹരിച്ച് ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കൊച്ചി നഗരസഭാ സെക്രടറി കമ്മിഷനെ അറിയിച്ചു
കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥനായ ജി. പ്രശാന്ത് സമർപ്പിച്ച പരാതിയിൽ ടോയ്ലെറ്റുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കൊച്ചി നഗരസഭക്ക് നിർദ്ദേശം നൽകിയിരുന്നു. ടോയ്ലെറ്റുകളുടെ പരിതാപകരമായ അവസ്ഥ കാരണം പകർച്ച വ്യാധികൾ പടരുന്നതായി പരാതിയിൽ പറയുന്നു. ഉപയോഗിക്കാൻ അറയ്ക്കുന്നവയാണ് ടോയ്‌ലെറ്റുകളെന്നും പരാതിയിൽ പറയുന്നു. കെ.എസ്. ആർ.ടി.സി സെൻട്രൽ സോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. അതിന് ശേഷം കേസ് പരിഗണിക്കും