നെടുമ്പാശേരി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാറക്കടവ് എളവൂർ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ വീട്ടിൽ എം.ഡി. ദേവസി (75) നിര്യാതനായി.
പ്രമേഹത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ദേവസിക്ക് ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശക്തമായ പനിയെത്തുടർന്ന് ആലുവ ജില്ല ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടിനാണ് മരിച്ചത്.
മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പാരിഷ് കൗൺസിൽ അടിയന്തരയോഗം ചേർന്നാണ് മൃതദേഹം ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ തീരുമാനിച്ചത്. വിവരം ജില്ല കളക്ടറെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചു. തുടർന്ന് ഇടവകാംഗങ്ങളുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ മൃതദേഹം ദഹിപ്പിക്കാൻ ചിത ഒരുക്കുകയായിരുന്നു. ഉച്ചയോടെ സെമിത്തേരിയിലത്തെിച്ച മൃതദേഹം കളക്ടറുടെ പ്രതിനിധിയുടെയും പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെയും സാന്നിദ്ധ്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ദഹിപ്പിച്ചത്. ഫൊറോന റെക്ടർ ഫാ. സെബാസ്റ്റ്യൻ പാലാട്ടി സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.