മൂവാറ്റുപുഴ: പഞ്ചായത്തുകളിൽ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിതിനേക്കാൾ വേണ്ടത് ചിറകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും പുഴകളുടെയും സംരക്ഷണമാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. മൂവാറ്റുപുഴ ആവോലി പഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ ആനിക്കാടു ചിറയുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമിന്ന് വെള്ളപൊക്ക ഭീഷണിയെ നേരിടുകയാണ്. കാലങ്ങളായി കാലവർഷത്തിൽ മഴ പെയ്യുന്നുണ്ട്. ഇപ്പാൾ തുടർച്ചയായി മഴ പെയ്യുന്നതോടെ വെള്ളം കയറുന്ന അവസ്ഥയാണ്. എത്ര പെയ്ത്ത് വെള്ളം ഭൂമിയിലേക്ക് പതിച്ചാലും സംരക്ഷിക്കപ്പെടേണ്ട കേന്ദ്രങ്ങളായ പാടങ്ങളും തോടുകളും ചിറകളും കുളങ്ങളും പുഴകളും അപ്രതീക്ഷമായതാണ് നാം ഇന്ന് നേരിടുന്ന വെള്ളപൊക്ക ഭീഷണിക്ക് പ്രധാന കാരണമെന്നും മന്ത്രി സുനിൽ കുമാർ പറഞ്ഞു. ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കേരള ലാന്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി.വി.സത്യനേഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് റഷീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അയ്യൂബ് ഖാൻ, സിനി സത്യൻ, പി.ടി.മനോജ്, വാർഡ് മെമ്പർ എം.കെ.അജി, നേതാക്കളായ വി.കെ.ഉമ്മർ, ജോർജ് മുണ്ടയ്ക്കൽ, വി.സി.ഷാബു,പഞ്ചായത്ത് പ്രസിഡന്റ് ജോർഡി.എൻ.വർഗീസ് എന്നിവർ സംസാരിച്ചു.