മട്ടാഞ്ചേരി: ''സാറെ, ഞങ്ങക്ക് കൊവിഡിനെ പേടിയില്ല. വിശപ്പിനേണ്. 21 ദിവസമായി അടച്ചിട്ടിടിരിക്കുകയാണ്. അധികാരികൾ ഇവിടത്തെ വീടുകളിൽ വിശപ്പ് മാറ്റാൻ ഭക്ഷണ കിറ്റെങ്കിലും ലഭിച്ചിരുന്നെങ്കിൽ നൂറ് പുണ്യം കിട്ടും'' സമ്പർക്ക വ്യാപനത്തെ തുടർന്ന് ട്രിപ്പിൽ പൂട്ടിലായ മട്ടാഞ്ചേരിയിലെ വീട്ടമ്മയായ ഫാത്തിമ റഷീദിന്റെ വാക്കുകളാണിത്. മൂന്ന് ആഴ്ചയായി മട്ടാഞ്ചേരി ലോക്കിലായിട്ട്. സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കടകൾ വഴി നൽകിയ അരിയും സന്നദ്ധ സംഘടകൾ കൈമാറുന്ന ഭക്ഷ്യക്കിറ്റുമായിരുന്നു ഇവിടുത്തുകാരുടെ അരവയർ നിറച്ചിരുന്നത്. സമ്പത്തിക പ്രതിസന്ധി സന്നദ്ധ പ്രവർത്തകർക്കും തിരിച്ചടിയായി. ഇതോടെ സാഹായം മുടങ്ങി. നിരവധി കുടുംബങ്ങൾ തി പ്രദേശത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണെന്ന് ഇവർ പറയുന്നു.
പലരും പെരുവഴിയിലാകും
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ് മട്ടാഞ്ചേരി. ലോക്ക്ഡൗണിൽ കുടുംബത്തിന്റെ പട്ടിണയകറ്റാൻ ആളുകൾ ആദ്യം പലചരക്കു കടകളിൽ നിന്നും കടം വാങ്ങി. പിന്നീട് വട്ടി പലിശക്കാരെ ആശ്രയിച്ചു. തൊഴിൽ മാർഗമെല്ലാം അടഞ്ഞതോടെ പല കുടുംബങ്ങളും പട്ടിണിയിലാണ് . അതേസമയം പ്രദേശത്തെ പലരും വാടകക്കാരാണ്. കൊവിഡ് തുടങ്ങിയ മാർച്ച് മാസത്തിൽ പലരുടെയും വാടക മുടങ്ങി. ഇപ്പോൾ അസ്വാൻസ് തുക വരെ മുടങ്ങിയ സ്ഥിതിയാണ്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മട്ടാഞ്ചേരിയെ ഒഴിവാകുന്നതോട് കൂടി പലരും പെരുവഴിയേക്കുമെന്ന് നാട്ടുകാർ പറയുന്നു.
അടിയന്തര സഹായമെന്ന് മന്ത്രി
മട്ടാഞ്ചേരി, ഫോർട്ടുകൊച്ചിയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇവിടെ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ജില്ലാ ഭരണകൂടമോ കൊച്ചി നഗരസഭയോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.അതേസമയം കൊവിഡ് നിയന്ത്രണമുള്ള ഈ പ്രദേശത്ത് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് മന്ത്രി സുനിൽ കുമാർ പറയുന്നത്. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിൽ മട്ടാഞ്ചേരിയിലെ കാര്യം ചർച്ച ചെയ്തതായും ഇവർക്കുള്ള അടിയന്തിര സഹായം എത്തിക്കാൻ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.