കൊച്ചി: ശബരി റെയിൽപ്പാതയുടെ ഭാഗമായ കാലടി പാലം ലഹരി മാഫിയ സംഘങ്ങളുടെ സ്ഥിരം താവളമായി. അങ്കമാലിയിൽ നിന്ന് ഏഴു കിലോമീറ്റർ പിന്നിട്ട പാതയുടെ അവസാന നിർമ്മിതിയാണ് ഈ പാലം. പെരിയാർ നദിയുടെ മറുകരയിൽ റെയിൽവേ ഏറ്റെടുത്ത സ്ഥലത്തേക്ക് എത്തിനിൽക്കുന്ന പാലം നാട്ടുകാർക്ക് പേടിസ്വപ്നമായിട്ട് നാളേറെയായി.രാപ്പകൽ ഭേദമില്ലാതെ ഇവിടെ ഒത്തുകൂടുന്ന ചെറുപ്പക്കാർ മയക്കുമരുന്നിന്റെ ലഹരിയിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് പരിസരവാസികൾക്ക് ഭീഷണിയാകുന്നത്. ഏതാനും ദവിസങ്ങൾക്ക് നടന്ന ഒരു സംഭവം വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായാണ് നാട്ടുകാർ വിരയിരുത്തുന്നത്.
ഇരുപത് വയസിൽ താഴെ പ്രായയുള്ള നാലംഗസംഘം തങ്ങളെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് സ്ഥലവാസിയായ മദ്ധ്യവയസ്കന് നേരെ വധഭീഷണി മുഴക്കി. ഇതിന്റെ വീഡിയോദൃശ്യം സോഷ്യൽ മീഡിയായിൽ വൈറലാണ്. നിന്നെ കൊന്നിട്ടേ ഞങ്ങൾ പോകു... എന്ന ഫ്രീക്കന്മാരുടെ ആക്രോശം ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലമുടമ നിർമ്മിച്ചിരുന്ന ഏറുമാടം പിന്നീട് അഗ്നിക്ക് ഇരയാവുകയും ചെയ്തു. ഏറുമാടം കത്തിക്കുമെന്നും നാൽവർ സംഘം ഭീഷണി മുഴക്കിയിരുന്നു.ഇതിനെതിരെ പൊലീസീൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ലഹരി മാഫിയ സംഘങ്ങളെ നിരീക്ഷിക്കാൻ പരിസരവാസികളെ ചുമതലപ്പെടുത്തി പൊലീസും തലയൂരി.
കൊവിഡ് കാലത്തിന് മുമ്പ് സമീപപ്രദേശത്തെ ചില സ്കൂൾ - കോളേജ് വിദ്യാർത്ഥികളും ഇവിടെ പതിവ് സന്ദർശകരായിരുന്നു. വിദ്യാലയങ്ങൾ പ്രവർത്തിക്കാത്തതിനാൽ പുറത്തുനിന്നെത്തുന്ന സാമൂഹ്യവിരുദ്ധരാണ് കളം കൈയടക്കിയിരിക്കുന്നത്.പാലത്തിന്റെ തൂണുകളിലെ ഇടത്തട്ടാണ് ലഹരിസംഘത്തിന്റെ സുരക്ഷിതതാവളം. കൊവിഡ് കാലത്ത് മദ്യവില്പന നിറുത്തിവച്ചപ്പോൾ ചാരായം വാറ്റുമുണ്ടായിരുന്നു. പാലത്തിൽ നിന്ന് തൂണുകളിലേക്ക് സുരക്ഷിതമായി ഇറങ്ങാൻ റെയിൽവേതന്നെ ഗോവണികൾ സ്ഥാപിച്ചിട്ടുണ്ട്. ഇടത്തട്ടിൽ ഇരിക്കുന്നവരെ പാലത്തിനുമുകളിൽ നിന്ന് നോക്കിയാൽ കാണാനാവില്ല. അകലെനിന്ന് നോക്കിയാലും വ്യക്തമായി കാണാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ആരുടെയും കണ്ണിൽപ്പെടാതെ ഇരിക്കാമെന്നതാണ് സാമൂഹ്യവിരുദ്ധരുടെ ആശ്വാസം.
പൊലീസിനും എക്സൈസിനും തലവേദനയാകുന്നതും പാലത്തിന്റെ ഇടത്തട്ടുതന്നെയാണ്. ഗോവണിവഴി ഇറങ്ങിച്ചെന്നാൽ പ്രതികൾ രക്ഷപെടാനുള്ളശ്രമത്തിന്റെ ഭാഗമായി ആറ്റിൽ ചാടാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാലുണ്ടാകുന്ന പൊല്ലാപ്പ് ഭയന്നാണ് നിയമപാലകരും അകലം പാലിക്കുന്നത്. ഇതും സാമൂഹ്യവിരുദ്ധർക്ക് ആനുകൂല്യമാവുകയാണ്. പാതയുടെ നിർമാണം പുനരാരംഭിക്കുന്നതുവരെ റെയിൽവെ തന്നെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.