പറവൂർ: മഴക്കാലം എത്തിയതോടെ നഗരസഭ പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. പെരുമ്പടന്ന, തെക്കേനാലുവഴി, തോന്ന്യകാവ്, വാണിയക്കാട്, പ്രഭൂസ് തിയറ്ററിന് സമീപം, പെരുവാരം തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം. മതിലുകളിലും പറമ്പിലും ചുമരുകളിലും മുറികൾക്കുള്ളിലും ഒച്ചുകൾ എത്തുന്നുണ്ട്.ഉപ്പു വിതറിയും പുകയില കഷായവും തുരിശും ചേർത്ത മിശ്രിതം തളിച്ചും ഒച്ചുകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മൂന്ന് വർഷം മുമ്പ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായപ്പോൾ നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പഠനത്തിൽ ‘മെനെഞ്ചയിറ്റിസ്’ പോലുള്ള രോഗങ്ങൾ വരാൻ ഇവ കാരണമായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കേരള വനഗവേഷണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ സാമ്പിൾ എടുത്തു പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ എലികാഷ്ടമാണ് ഉറവിടമെന്ന് കണ്ടെത്തുകയും ചെയ്തു.
മുൻ കരുതലുകൾ
ഗ്ലൗസ് ഉപയോഗിക്കാതെ ആഫ്രിക്കൻ ഒച്ചിനെ തൊടരുത്
ഒച്ചിന്റെ ശരീരത്തിൽ നിന്നു വരുന്ന സ്രവം മനുഷ്യശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം
ഒച്ചിന്റെ സ്രവവും കാഷ്ടവും പറ്റിപ്പിടിക്കാനിടയുള്ളതിനാൽ പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കണം
കിണറുകൾക്കകത്ത് ഒച്ചുകൾ പറ്റിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ
കാർഷിക വിളകൾക്ക് ഭീഷണി
ആഫ്രിക്കൻ ഒച്ചുകൾ ഭക്ഷ്യയോഗ്യമല്ല എന്നു മുൻ വർഷങ്ങളിൽ ആരോഗ്യവിഭാഗം അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. സാധാരണ ഒച്ചുകളെക്കാൾ വലുപ്പമുള്ള ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നതു കാർഷിക വിളകൾക്കും ഭീഷണിയാണ്. മഴ ശക്തമാകുന്നതോടെ ഒച്ചുശല്യം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.