കൊച്ചി: കണ്ടെയ്ൻമെന്റ് സോണിലുൾപ്പെട്ട ഭവനരഹിതരുടെയടക്കം പ്രതിഷേധം സർക്കാറിന്റെ കണ്ണുതുറപ്പിച്ചു. ലൈഫ് പദ്ധതിയിലേക്കുള്ള അപേക്ഷാതീയതി 27 വരെയാണ് തീയതി നീട്ടി വിജ്ഞാപനം ഇറക്കി. കൊവിഡ് വ്യാപനത്തിനിടെ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ ആരംഭിച്ചതോടെ ഗുണഭോക്താക്കൾ ദുരിതത്തിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി "ലൈഫ് അപേക്ഷ: വീടില്ലാത്തവർ നെട്ടോട്ടത്തിൽ" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു.

ഒന്നു മുതലാണ് 2017 ലെ ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവരുടെ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. 14 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയ സമയം. സർട്ടിഫിക്കറ്റുകൾ ലഭിക്കാനുണ്ടാവുന്ന ബുദ്ധിമുട്ടും അക്ഷയ സെന്ററുകളിലെ തിരക്കുംമൂലമാണ് സമയം നീട്ടണമെന്ന് ആവശ്യമുയർന്നത്.
മഴ ശക്തിപ്പെട്ടതോടെ പല മേഖലകളിലും വൈദ്യുതിയും ഇന്റർനൈറ്റ് ബന്ധവും വിച്ഛേദിക്കപ്പെട്ട സ്ഥിതിയാണ്. ഇതോടെ പലർക്കും അപേക്ഷ സമർപ്പിക്കാൻ സാധിച്ചിട്ടില്ല. വിവിധ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ അപ്‌ലോഡ് ചെയ്തു നടപടിക്രമങ്ങൾ പൂർത്തിയാക്കുക എളുപ്പമല്ല. ഇതുമൂലം ഭൂരിഭാഗം പേർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ല. വില്ലേജ് ഓഫീസുകളിൽനിന്ന് നേരിട്ട് ലഭിക്കേണ്ട രേഖകളും പലർക്കും ലഭിച്ചിട്ടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ അക്ഷയ ഉൾപ്പെടെ ജനസേവാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതും പാരയായി. മറ്റിടങ്ങളിൽ പ്ലസ് വൺ, കോളേജ് പ്രവേശനത്തിനും സർട്ടിഫിക്കറ്റ് വാങ്ങാനും വിദ്യാർത്ഥികളുടെ തിരക്കായിരുന്നു. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നെങ്കിലും ജാതി, വരുമാനം തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്കായി ജനസേവാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇതിനിടയിലേക്കാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളും എത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള ഇ ഡിസ്ട്രിക്ട് പോർട്ടലിന്റെ അപ്‌ഡേഷൻ നടക്കുന്നതിനാൽ സർവർ തകരാറിലായി ഒരു അപേക്ഷപോലും സമർപ്പിക്കാൻ സാധിക്കാത്ത കേന്ദ്രങ്ങളുമുണ്ട്. പല അക്ഷയ കേന്ദ്രങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അപേക്ഷ സമർപ്പിക്കാൻ ആളുകൾ എത്തിയതും ആശങ്കയുണ്ടാക്കിയിരുന്നു.