cheruvalli-estate-

കൊച്ചി : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്നും, കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് നഷ്ടപരിഹാരം നൽകാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

ഭൂമി കൈയേറിയവരാണ് ഇവിടെയുള്ളത്. ഇവർക്ക് ഭൂമിയിൽ മാറ്റം വരുത്താൻ അവകാശമില്ല. ഭൂമിയിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ നഷ്ടത്തിന് ആനുപാതികമായ തുക കോടതിയിൽ കെട്ടിവയ്ക്കും- റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി ജാഫർഖാൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റ് ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കുന്നതിനെതിരെ ഗോസ്പൽ ഫോർ ഏഷ്യയെന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ഹർജിക്കാർ അവകാശമുന്നയിക്കുന്ന ഭൂമി പഴയ സർവേ നമ്പർ പ്രകാരം സർക്കാരിന്റേതാണ്. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പതിച്ചുനൽകിയിട്ടില്ല. ആ നിലയ്ക്ക് മറ്റാർക്കും ഭൂമിയിൽ അവകാശമില്ല. ഭൂമി വില്പന നടത്താൻ കഴിയില്ല. രേഖകളിൽ കൃത്രിമംകാട്ടി വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി പാലാ സബ് കോടതിയുടെ പരിഗണനയിലാണ്. വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കാനുള്ള ഭരണാനുമതി മാത്രമാണ് നൽകിയിട്ടുള്ളത്. ഇനി സാമൂഹ്യാഘാതപഠനം നടത്തുകയും നഷ്ടപരിഹാരം തീരുമാനിക്കുകയും വേണം. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടുകൂടി കണക്കിലെടുത്ത് സ്ഥലമേറ്റെടുപ്പിന് കളക്ടർ ശുപാർശ നൽകേണ്ടതുണ്ട്. ഭൂമിയേറ്റെടുക്കാൻ നടപടിക്രമങ്ങൾ ശേഷിക്കേ, ഹർജി അപക്വമാണെന്നും സർക്കാർ വ്യക്തമാക്കി.